നിലച്ചത് ‘താമരകുമ്പിളിലെ മമ ഹൃദയം’; മലയാള ഹൃദയം ഏറ്റെടുത്ത സ്വര ശുദ്ധിക്ക് വിട

• സാബു തൊട്ടിപ്പറമ്പിൽ

ദക്ഷിണേന്ത്യൻ സിനിമാസംഗീത ലോകത്തെ വാനമ്പാടി, മലയാളികളുടെ പ്രിയപ്പെട്ട ‘ജാനകിയമ്മ’ (88) ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കാരം നടത്തി.

ആലാപനത്തിലെ വൈവിധ്യം കൊണ്ടും ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും ആറു പതിറ്റാണ്ടിലേറെക്കാലം സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഇതിഹാസ ഗായികയായിരുന്നു എസ്. ജാനകി .മലയാളക്കര ജാനകിയെ ‘അമ്മ’യായി ഏറ്റെടുക്കണമെങ്കില്‍ ജന ഹൃദയങ്ങളില്‍ എത്ര മാത്രം ആഴങ്ങളില്‍ ആ സ്വര മാധുരി പതിഞ്ഞൂവെന്നുള്ളതിന് തെളിവാണ്. അന്യ ഭാഷയില്‍ നിന്നുള്ള ഒരു ഗായികയാണെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല. കാരണം അത്ര സ്വര ശുദ്ധിയോടെ മലയാളിയുടെ സ്വന്തമായിരുന്നു, അല്ലെങ്കില്‍ അങ്ങനെയേ മലയാളികള്‍ കരുതിയിട്ടുള്ളൂ.പുതു തലമുറ ഒരിക്കല്‍ പോലും ജാനകിയമ്മ മറുഭാഷക്കാരിയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.

​1957-ൽ ‘മിന്നൽ പടയാളി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന ജാനകിയമ്മ, അതേവർഷം തന്നെ ‘തസ്കരവീരൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തിലധികം ഗാനങ്ങളാണ് ആ നാദവിസ്മയത്തിൽ നിന്ന് പിറന്നത്.
​ഒരു അന്യഭാഷാ ഗായികയായിരുന്നിട്ടും മലയാള ഭാഷയുടെ തനിമയും ഉച്ചാരണശുദ്ധിയും ഒട്ടും ചോരാതെയാണ് അവർ നമുക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ചത്. പ്രണയത്തിന്റെ നിഗൂഢമായ ആർദ്രതയും, വിരഹത്തിന്റെ നെഞ്ചുപൊള്ളിക്കുന്ന തീവ്രതയും ജാനകിയമ്മയുടെ ശബ്ദത്തിലൂടെയറിഞ്ഞവരാണ് മലയാളികൾ. കേവലം വാക്കുകൾക്കപ്പുറം വരികളിലെ വികാരങ്ങളെ സ്വന്തം ശ്വാസത്തിലേക്ക് ആവാഹിച്ചെടുക്കാനുള്ള അവരുടെ അപൂർവ്വ സിദ്ധി ഓരോ ഗാനത്തെയും അനശ്വരമാക്കി.

​മലയാളക്കര നെഞ്ചിലേറ്റിയ ചില വികാരസാന്ദ്രമായ ഗാനങ്ങൾ;
​പ്രണയത്തിന്റെ ആർദ്രത ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ (ചാമരം) എന്ന ഗാനത്തിലെ കാത്തിരിപ്പിന്റെ വ്യാകുലതയും, ‘ഏഴു സ്വരങ്ങളും തഴുകി വരും’ (ചിരിയോചിരി) എന്നതിലെ പ്രണയലഹരിയും, ‘സുറുമയെഴുതിയ മിഴികളേ’ (ഖദീജ) എന്ന പാട്ടിലെ അനുരാഗത്തിന്റെ മനോഹാരിതയും ജാനകിയമ്മയുടെ ശബ്ദത്തിൽ നമ്മൾ അനുഭവിച്ചറിഞ്ഞു.
​വിരഹത്തിന്റെ തീവ്രത: ‘മൗനമേ നിറഞ്ഞ മൗനമേ’ (തകര) എന്ന ഗാനത്തിലെ ഏകാന്തതയുടെ നൊമ്പരവും, ‘സിന്ദൂരസന്ധ്യയ്ക്ക് മൗനം’ (ചൂണ്ടക്കാരി), ‘ഇന്നൊരു പുഴയായ് ഞാൻ ഒഴുകാം’ എന്ന ഗാനങ്ങളിലെ വിരഹതീവ്രതയും കേൾവിക്കാരന്റെ കണ്ണുനിറയിക്കുന്നവയാണ്.
​വാത്സല്യത്തിന്റെ താരാട്ടുമായി, ‘തുമ്പീ വാ തുമ്പക്കുടത്തിൻ’ (ഓളങ്ങൾ), ‘താമരക്കുമ്പിളല്ലോ മമ ഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല), ‘ഉണ്ണീ വാവാവോ’ (സാന്ത്വനം) എന്നീ പാട്ടുകളിലൂടെ മലയാളിയുടെ മാതൃത്വത്തിന്റെ പ്രതീകമായി ആ ശബ്ദം മാറി.

​കുട്ടികളുടെ ശബ്ദത്തിലും മുതിർന്നവരുടെ ശബ്ദത്തിലും ഒരേപോലെ പാടാനും, ശാസ്ത്രീയ സംഗീതത്തിന്റെ ഗാംഭീര്യവും ലളിതസംഗീതത്തിന്റെ ഭംഗിയും ഒരുപോലെ സമന്വയിപ്പിക്കാനും അവർക്ക് കഴിഞ്ഞു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 14 തവണയും അവർ സ്വന്തമാക്കിയിട്ടുണ്ട്.
​താരാട്ടുപാട്ടുകളിലെ വാത്സല്യമായും, പ്രണയഗാനങ്ങളിലെ ആർദ്രതയായും, ഭക്തിഗാനങ്ങളിലെ ശരണബോധമായും ജാനകിയമ്മയുടെ ശബ്ദം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ആ അസാധാരണ ശബ്ദവും അതുല്യമായ സംഗീത സംഭാവനകളും തലമുറകളോളം മലയാളിയുടെ നെഞ്ചിൽ നിലനിൽക്കും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും