ബെംഗളൂരു: മാതാപിതാക്കളുടെ ക്രൂരതയിൽ 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവിലെ ആവലഹള്ളിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ ശേഖപ്പ, അമ്മ വിജയലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിൽ വീട്ടിൽ വച്ചുണ്ടായ വഴക്കിനിടെ കുട്ടി നിർത്താതെ കരഞ്ഞിരുന്നു. ഇതിൽ ദേഷ്യം പൂണ്ട അമ്മ വിജയലക്ഷ്മി കുഞ്ഞിനെ കാലുകൊണ്ട് തൊഴിച്ചതായും, പിന്നാലെ അച്ഛൻ ശേഖപ്പ കുഞ്ഞിനെ വാരിയെടുത്ത് തറയിലടിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
കിത്തഗന്നൂരിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ജൂൺ 9-നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിലേറ്റ കടുത്ത പരുക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
സംശയത്തെത്തുടർന്ന് പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കൾ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇവരുടെ രണ്ടാമത്തെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ട ഈ പൈതൽ.




