മാതാപിതാക്കളുടെ വഴക്കിനിടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ തല്ലിക്കൊന്നു; ക്രൂരത ബംഗളൂരുവിൽ

​ബെംഗളൂരു: മാതാപിതാക്കളുടെ ക്രൂരതയിൽ 11 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവിലെ ആവലഹള്ളിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ ശേഖപ്പ, അമ്മ വിജയലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
​ഇരുവരും തമ്മിൽ വീട്ടിൽ വച്ചുണ്ടായ വഴക്കിനിടെ കുട്ടി നിർത്താതെ കരഞ്ഞിരുന്നു. ഇതിൽ ദേഷ്യം പൂണ്ട അമ്മ വിജയലക്ഷ്മി കുഞ്ഞിനെ കാലുകൊണ്ട് തൊഴിച്ചതായും, പിന്നാലെ അച്ഛൻ ശേഖപ്പ കുഞ്ഞിനെ വാരിയെടുത്ത് തറയിലടിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.

​കിത്തഗന്നൂരിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ജൂൺ 9-നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിലേറ്റ കടുത്ത പരുക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
​സംശയത്തെത്തുടർന്ന് പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കൾ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇവരുടെ രണ്ടാമത്തെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ട ഈ പൈതൽ.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും