ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയില്‍ എല്‍പിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് മരണം.
നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26 -ാം തിയതി സംഭവിച്ച ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തില്‍ ടാങ്കർ ലോറിയുടെ ഡ്രൈവർ ധർമേന്ദ്ര ദ്വിവേദി അടക്കം അഞ്ച് പേരാണ് മരിച്ചത്. ടോള്‍ പ്ലാസ് ജീവനക്കാരായ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ജൂണ്‍ 26 -ാം തിയതി രാവിലെ കാണ്‍പൂരില്‍ നിന്നും വാരണാസിക്ക് പോവുകയായിരുന്ന രണ്ട് എല്‍പിജി ടാങ്കർ ലോറികള്‍ ഒരേസമയം ടോള്‍ പ്ലാസയിലൂടെ കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒരു ടാങ്കർ ലോറി ടോള്‍ പ്ലാസയിലെ ഡിവൈറല് ഇടിച്ച് കയറുകയും പിന്നാലെ തീ പടർന്ന് പിടിക്കുകയുമായിരുന്നെന്ന് കോഖ്രാജ് പോലിസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ടാങ്കർ ലോറിയിലെ ഡ്രൈവറുടെ ക്ലാബിൻ ഏതാണ്ട് പൂർണ്ണമായും തകർന്നു.
ഡ്രൈവർ ധർമേന്ദ്ര ദ്വിവേദിയ്ക്ക് വാഹനത്തില്‍ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ടാങ്കറില്‍ നിന്നും വാതക രൂപത്തിലുള്ള ഗ്യാസ് ലീക്കായി. വളരെ പെട്ടെന്ന് തന്നെ പ്രദേശമാകെ വെളുത്ത മൂടല്‍ മഞ്ഞ് പോലെ ഗ്യാസ് നിറഞ്ഞു. ഇതിനിടെയുണ്ടായുണ്ടായ ഒരു തീപ്പെരിയില് നിന്നും ഗ്യാസിന് തീ പിടിക്കുകയും പിന്നാലെ ടോള്‍ പ്ലാസ മുഴുവനായും തീ ആളിപ്പടരുകയായിരുന്നു. സിഹോരി ടോള്‍ പ്ലാസയില്‍ തീ പടരുന്നതിന്റെ വിവിധ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.



