റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് യുക്രെയ്ൻ

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വ്യാഴാഴ്ച പുലർച്ചെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

ജനവാസ മേഖലകളിലെ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ റഷ്യൻ ആക്രമണത്തിൽ തകർന്നുതരിപ്പണമായി. രാത്രിയിലുടനീളം കീവിനെ പിടിച്ചുകുലുക്കിയ സ്ഫോടന പരമ്പരകളെത്തുടർന്ന് ആയിരക്കണക്കിനു പേരാണ് മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടിയത്. ഈ വർഷം കീവിനു നേരെ നടക്കുന്ന ഏറ്റവും മാരകമായ രണ്ടാമത്തെ ആക്രമണമാണിത്.

യുക്രെയ്നെതിരെ റഷ്യ വീണ്ടും ക്രൂരവും വൻതോതിലുള്ളതുമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ ടെലിഗ്രാമിലൂടെ അറിയിച്ചു. ആക്രമണത്തിൽ കീവിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്നും 13 പേരുടെ മരണം സ്ഥിരീകരിച്ചതായും അവർ വ്യക്തമാക്കി.

74 മിസൈലുകളും 496 ഡ്രോണുകളുമാണ് റഷ്യൻ സേന പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇവയിൽ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനം തകർത്തതായും എന്നാൽ 25 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കീവിലെ 33 കേന്ദ്രങ്ങളിൽ പതിച്ചതായും വ്യോമസേന വ്യക്തമാക്കി.

യുക്രെയ്ൻ തങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമാണിതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. യുക്രെയ്നിലെ സൈനിക, ഊർജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് റഷ്യൻ മന്ത്രാലയം അവകാശപ്പെട്ടു.

രാത്രിയിൽ യുക്രെയ്ന്റെ 327 ഡ്രോണുകൾ വെടിവച്ചിട്ടതായും റഷ്യ അറിയിച്ചിട്ടുണ്ട്. തിരിച്ചടിയായി റഷ്യയിലെ നിഷ്നി നോവ്ഗൊറോഡ് മേഖലയിലുള്ള കെസ്റ്റോവോയിലെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ അറിയിച്ചു.

വ്യവസായ കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നിഷ്നി നോവ്ഗൊറോഡ് ഗവർണർ ഗ്ലെബ് നികിതിൻ സ്ഥിരീകരിച്ചു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു