മാർത്തോമാ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനത്തേക്കുള്ള ഉമയാറ്റുകര മാർത്തോമാ ഇടവക വികാരി ഡാനിയേൽ മാമ്മൻ നാമനിർദേശ പത്രിക പിൻവലിച്ച് മത്സരരംഗത്ത് നിന്നും മാറിനിന്നത്. മാർത്തോമാ സഭയിലെ വലിയ ഒരു മാതൃകയായി മാറിയിരിക്കുകയാണ് ഈ പുരോഹിതൻ. ആരംഭം മുതൽ തന്നെ, ഈ സ്ഥാനത്തേക്ക് വൈദികർ തമ്മിൽ ഒരു മത്സരം ഉണ്ടാകണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് അച്ചൻ ഒരു പ്രാവശ്യം ഈ സ്ഥാനത്തു നിന്ന് പരാജയം നേരിട്ട അനുഭവമുണ്ട് എന്ന് എനിക്ക് അറിയാം. ആ ചർച്ചകളുടെ വെളിച്ചത്തിലും, തുടർന്നുള്ള പ്രാർത്ഥനയിലും, വ്യക്തിപരമായ ചിന്തയിലും, സഹ വൈദികരുമായും, അൽമായ സുഹൃത്തുക്കളുമായുള്ള കൂടിയാലോചനയിലും, എന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇത് സഭയിലെ വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും ചർച്ചാവിഷയം ആയിരിക്കുകയാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികൻ പരേതനായ റവ പി.ഡി മാമൻ്റെമകനും തിരുവല്ല എം.എൽ.എ വർഗീസ് മാമ്മൻ്റെ സഹോദരനുമാണ് റവ.ഡോ. ഡാനിയേൽ മാമ്മൻ.
വൈദികന്റെ കത്തിന്റെ പൂർണ്ണരൂപം
പ്രിയ അച്ചൻ / ബഹുമാനപ്പെട്ട മണ്ഡലം അംഗങ്ങളേ,
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം.
ഏറെ പ്രാർത്ഥനയ്ക്കും സൂക്ഷ്മമായ ആലോചനയ്ക്കും ശേഷം, സഭാ ക്ലർജി ട്രസ്റ്റി (2026–2029) സ്ഥാനത്തേക്കുള്ള എന്റെ നാമനിർദ്ദേശം പിൻവലിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ആരംഭം മുതൽ തന്നെ, ഈ സ്ഥാനത്തേക്ക് വൈദികർ തമ്മിൽ ഒരു മത്സരം ഉണ്ടാകണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ, ഇക്കാര്യത്തിലുള്ള എന്റെ ഉത്കണ്ഠ ഞാൻ എപ്പിസ്കോപ്പൽ സിനഡിനെ അറിയിക്കുകയും, ഇത്തരമൊരു മത്സരം ഒഴിവാക്കപ്പെടും എന്ന എന്റെ ആത്മാർത്ഥമായ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും, സൂക്ഷ്മമായ ആലോചനയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുവാൻ സിനഡ് തീരുമാനിച്ചു.
തുടർന്ന്, സ്ഥാനാർത്ഥികളായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങൾ രണ്ടുപേർക്കും ഈ വിഷയം ഒരുമിച്ച് ചർച്ച ചെയ്യുവാൻ അവസരം ലഭിച്ചു.എന്റെ സുഹൃത്ത് അച്ചൻ ഒരു പ്രാവശ്യം ഈ സ്ഥാനത്തു നിന്ന് പരാജയം നേരിട്ട അനുഭവമുണ്ട് എന്ന് എനിക്ക് അറിയാം.ആ ചർച്ചകളുടെ വെളിച്ചത്തിലും, തുടർന്നുള്ള പ്രാർത്ഥനയിലും, വ്യക്തിപരമായ ചിന്തയിലും, സഹ വൈദികരുമായും, അൽമായ സുഹൃത്തുക്കളുമായുള്ള കൂടിയാലോചനയിലും, എന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതാണ് വൈദികർക്കിടയിലും നമ്മുടെ സഭയിലും ഐക്യത്തിന്റെയും സഹവാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സാഹോദര്യ സ്നേഹത്തിന്റെയും ആത്മാവിനെ നിലനിർത്തിക്കൊണ്ട് സഭയുടെ വലിയ നന്മയ്ക്ക് ഏറ്റവും ഉത്തമമെന്ന് എനിക്ക് ബോധ്യമായി. ഈ കാലം അത്രെയും സഭ ഏൽപ്പിച്ച വിവിധ ശുശ്രുഷകളിൽ സാക്ഷ്യത്തോടെ നിൽപ്പാൻ എനിക്ക് ദൈവം കൃപ തന്നു.
അതനുസരിച്ച്, സഭാ ക്ലർജി ട്രസ്റ്റി (2026–2029) സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
ഈ തീരുമാനം പൂർണ്ണമായും എന്റെ സ്വന്തം ഇഷ്ടപ്രകാരവും പ്രാർത്ഥനാപൂർവ്വമായ ബോധ്യത്തിലും എടുത്തതാണെന്ന് വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആരുടെയും ഭാഗത്തുനിന്നുള്ള യാതൊരു സമ്മർദ്ദം, നിർബന്ധം, വാഗ്ദാനം, ഉറപ്പ്, പ്രലോഭനം, അല്ലെങ്കിൽ വ്യക്തിപരമായ നേട്ടമോ പരിഗണനയോ ലഭിക്കും എന്ന പ്രതീക്ഷയോ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. നമ്മുടെ സഭയുടെ ഐക്യവും സമാധാനവും സാക്ഷ്യവും നിലനിർത്തണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ, ദൈവസന്നിധിയിൽ മാത്രം എടുത്ത തീരുമാനമാണിത്.
ഈ കാലയളവിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്ത എല്ലാവരോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ദൈവം എന്നെ ഭരമേല്പിക്കുന്ന ഏത് ശുശ്രൂഷയിലും കർത്താവിനെയും അവിടുത്തെ സഭയെയും വിശ്വസ്തതയോടെ സേവിക്കുവാൻ ഞാൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധനാണ്. എന്റെ തുടർന്നുള്ള ശുശ്രൂഷയ്ക്കായി നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
പ്രാർത്ഥനകളോടും സ്നേഹപൂർവ്വമായ ആശംസകളോടും,
റവ. ഡോ. ഡാനിയേൽ മാമ്മൻ
വികാരി, ഉമയാറ്റുകര മാർത്തോമ്മാ ഇടവക




