കാരക്കാസ്: കാരക്കാസ്: രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി.
ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുൻപ് ആകാശത്തുണ്ടായ ഈ മാറ്റം കണ്ട് ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ഇത് കേവലം ഒരു അന്തരീക്ഷ പ്രതിഭാസം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സൂര്യൻ അസ്തമിക്കുന്ന സമയത്താണ് ആകാശം ചുവപ്പുനിറമായി മാറിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, ഈ പ്രതിഭാസം രാജ്യത്തുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ടതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍, ഇത് ഭൂചലനം മൂലമുണ്ടായതല്ലെന്നും ‘കാൻഡിലാസോ’ എന്നറിയപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തില്‍ 1,700-ലധികം ആളുകള്‍ ഇതിനകം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.




