തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ നേര്‍ക്കുനേര്‍, ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

തിരുവനന്തപുരം: പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച്‌ തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്.

മേയര്‍ യോഗം പിരിച്ചുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് കൗണ്‍സിലർ കെ.എസ് ശബരിനാഥനും ബിജെപി കൗണ്‍സിലര്‍മാരുമാണ് ഏറ്റുമുട്ടിയത്.

ഇതിനിടെ കെ.എസ് ശബരിനാഥന്റെ കഴുത്തില്‍ പിടിച്ച്‌ ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളുകയും വനിതാ കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും ചെയ്തു. ചേരിതിരിഞ്ഞ് മുദ്രവാക്യം വിളിച്ചും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മിനിറ്റ്‌സ് ബുക്കില്‍ ഒപ്പിടാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ അടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞാണ് സംഘര്‍ഷത്തിന് കാരണമായത്.

അതേസമയം എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മേയര്‍ യോഗം അവസാനിപ്പിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍ പരിക്കേറ്റ കൗണ്‍സിലര്‍മാരെ എല്‍ഡിഎഫ് യോഗത്തിന് എത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മൂന്ന് കൗണ്‍സിലര്‍മാരെ ആംബുലന്‍സില്‍ നഗരസഭയില്‍ എത്തിക്കുകയായിരുന്നു.

പ്രകടനവുമായാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഹാളിലേക്ക് എത്തിയത്. യോഗം തുടങ്ങിയതോടെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. പ്ലക്കാടുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ മേയര്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ ഏറ്റുമുട്ടിയത്.

കഴിഞ്ഞ ആറ് മാസമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗം ജനാധിപത്യപരമായ രീതിയിലല്ല നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാപ്പ കേസിലെ പ്രതിയും ബിജെപി കൗണ്‍സിലറുമായ ആർ.സുഗതനുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണപക്ഷം അംഗീകരിച്ചില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടി കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു. ഗുണ്ടാവിളയാട്ടമാണ് കോര്‍പ്പറേഷനില്‍ നടന്നതെന്നും ഒരു പ്രകോപനവും കൂടാതെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ അക്രമം അഴിച്ചുവിട്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*ഐ. പി. സി പിളരുമോ ?*