ജീവനുള്ള വൃദ്ധന്‍ പുഴുവരിച്ച നിലയില്‍; മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച വയനാട്ടില്‍

കൽപ്പറ്റ: വയനാട്ടിൽ കാൻസർ രോഗബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ. പണിയ വിഭാഗത്തിൽപ്പെട്ട ബോളൻ എന്ന വയോധികനെ ശരീരം പുഴുവരിച്ച നിലയിലാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അതിശക്തമായ വേദന അനുഭവിക്കുന്ന ഇദ്ദേഹത്തിന് ആശുപത്രികളിൽ നിന്ന് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നാണ് കൂടെയുള്ളവർ ആരോപിക്കുന്നത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് വയോധികന്റെ അവസ്ഥ ഇത്രയും മോശമാക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രോഗിക്ക് ചായ നൽകുന്നതിനിടെ ചുണ്ടിന്റെ വശങ്ങളിൽ നിന്നും മറ്റും പുഴുക്കൾ താഴേക്ക് ചാടുന്ന നിലയിലായിരുന്നു. ഈ വിവരം സിസ്റ്റർമാരെ അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്നും പരാതിയുണ്ട്. പിന്നീട് നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ചേർന്ന് പ്രതിഷേധിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതോടെയാണ് മുറിവുകൾ കെട്ടാനും പ്രാഥമിക ചികിത്സ നൽകാനും ആശുപത്രി അധികൃതർ തയ്യാറായതെന്നും നാട്ടുകാർ പറയുന്നു.

തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ നേരത്തെ അംബേദ്കർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ രോഗം കടുത്തതോടെ വിവിധ താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ആ സമയത്തൊന്നും കൃത്യമായ പരിചരണം ലഭിച്ചില്ല. രോഗം മൂർച്ഛിച്ച് വയോധികന്റെ ശരീരം പുഴുവരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് ആരോഗ്യ സംവിധാനങ്ങളുടെ പരാജയമായാണെന്നാണ് ആരോപണം.

നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിലുള്ള ബോളന് അടിയന്തരമായി വിദഗ്ദ്ധ ചികിത്സയും ശാസ്ത്രീയമായ പരിചരണവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്, രാഷ്ട്രീയ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പും മറ്റ് ബന്ധപ്പെട്ട സംവിധാനങ്ങളും അടിയന്തരമായി ഇടപെട്ട് ഇദ്ദേഹത്തിന്‍റ
ചികിത്സാ കാര്യത്തിൽ ഉറപ്പ് വരുത്തണമെന്നും ഇത്തരം ക്രൂരമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.