ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടെന്ന് സ്ഥിരികരണം

തെഹ്‌റാന്‍: ഗള്‍ഫ് ഒഫ് ഒമാനില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ഡെക്ക് കേഡറ്റ് ആദിത്യ ശർമ

ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഒമാന്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മറ്റ് 21 ഇന്ത്യന്‍ ജീവനക്കാരെ ആദ്യം രക്ഷപ്പെടുത്തിയത്.

തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ഇറാനില്‍ നിന്നും എണ്ണയുമായി വന്ന കപ്പിലിനെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് പ്രതികരിച്ചിരുന്നു. പലാവു പതാക വഹിക്കുന്ന എം ടി സെറ്റബെല്ലോ എന്ന കപ്പലിന് നേരായാണ് യുഎസ് ആക്രമണം ഉണ്ടായത്. കപ്പലിലെ ക്രൂ അംഗങ്ങളില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.

ടാങ്കറിന്റെ എഞ്ചിന്‍ റൂം ലക്ഷമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇതോടെ കപ്പലില്‍ തീപടര്‍ന്നു. അമേരിക്കന്‍ സേന നിരന്തരമായി നിര്‍ദേശം നല്‍കിയിട്ടും അതിനനുസരിച്ച് പ്രതികരിക്കാത്തതാണ് ആക്രമണത്തിന് ഉത്തരവിടാന്‍ കാരണമെന്നാണ് യുഎസ് സൈന്യം സമര്‍ഥിക്കുന്നത്. പശ്ചിമേഷ്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് ചൈനീസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്.

അതിനിടെ ഒമാനില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി ഇന്ത്യന്‍ എംബസിയുടെ എക്‌സ് കുറിപ്പ് പുറത്തുവന്നു. ഷിനാസ് തീരത്താണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണം അമേരിക്കയാണോ ഇറാനാണോ നടത്തിയതെന്ന് വ്യക്തമല്ല.

ഗൾഫ് മേഖലയിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഒമാൻ തീരത്ത് യു.എസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം.

പശ്ചിമേഷ്യയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ നാവികർ ഉൾപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ നാവികസമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇത് വീണ്ടും ഊന്നിപ്പറയേണ്ടതില്ല. മൂന്ന് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഡൽഹിയിലെ യു.എസ് സി.ഡി.എ.യെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.