അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ ബംഗാളില്‍ മറ്റൊരു തൃണമൂല്‍ എം.പിക്ക് നേരെയും ആക്രമണം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനക്കാരനായ അഭിഷേക് ബാനർജി എം‌പിക്ക് നേരെ ആക്രമണം നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍, പശ്ചിമ ബംഗാളില്‍ മറ്റൊരു പാർട്ടി എം.പിക്ക് നേരെയും ജനക്കൂട്ടത്തിന്റെ ആക്രമണം.

തൃണമൂല്‍ എം.പി കല്യാണ്‍ ബാനർജിക്ക് നേരെയായിരുന്നു ഇന്ന് ആക്രമണം നടന്നത്.

ഇന്ന് രാവിലെ സ്വന്തം മണ്ഡലത്തില്‍ വെച്ചാണ് കല്യാണ്‍ ബാനർജിക്ക് നേരെ കൈയേറ്റമുണ്ടായത്. ഹൂഗ്ലിയിലെ ചണ്ഡിതാലയില്‍ വെച്ച്‌ തൃണമൂല്‍ എം.പി കല്യാണ്‍ ബാനർജിയുടെ തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരക്ഷാ ജീവനക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. അടിയേറ്റയുടൻ തലയില്‍ കൈവെച്ചുകൊണ്ട് കല്യാണ്‍ നിലത്തേക്ക് വീണു.

ശനിയാഴ്ച ദക്ഷിണ 24 പർഗാനാസിലെ സോനാർപൂരില്‍ വെച്ച്‌ അഭിഷേക് ബാനർജിക്ക് നേരെ ഉണ്ടായ ജനരോഷത്തിന് സമാനമായി, കല്യാണ്‍ ബാനർജിക്ക് നേരെയും കരിങ്കൊടി കാട്ടുകയും ‘ചോർ ചോർ’ (കള്ളൻ കള്ളൻ) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.