ന്യൂഡൽഹി: വിവാഹത്തർക്കക്കേസുകളിൽ ഭർത്താവിനെതിരേ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന രീതി വർധിക്കുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി. കേസിലെ നേട്ടത്തിനായുള്ള നിയമത്തിന്റെ ദുരുപയോഗം നിരപരാധികളെ പ്രതിക്കൂട്ടിലാക്കി വലയ്ക്കുകയും ജുഡീഷ്യൽ സംവിധാനത്തിന് അധിക ഭാരമാവുകയുമാണെന്ന് കോടതി നിരീക്ഷിച്ചു.
യു.പി.യിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ ഭാര്യ നൽകിയ പത്തിലേറെ ക്രിമിനൽക്കേസുകൾ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവുമടക്കമുള്ള കേസുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 14 വയസ്സുള്ള മകളെ ഭർത്താവും ഭർതൃസഹോദരനും ബലാത്സംഗത്തിനിരയാക്കിയെന്നും ആരോപിച്ചു. എന്നാൽ, കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ പരാതികളാണ് ഇവയെല്ലാമെന്ന് കോടതി പറഞ്ഞു. തുടർന്നാണ് വ്യാജ പരാതികൾ നൽകുന്ന മോശമായൊരു രീതി ഇപ്പോഴുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചത്.
വിവാഹബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ വ്യക്തിവൈരാഗ്യം തീർക്കാനും സമ്മർദത്തിലാക്കാനും ക്രിമിനൽ നിയമങ്ങളെ ആയുധമാക്കുകയാണ്. സ്ത്രീധനപീഡനം, ഗാർഹികപീഡനം എന്നിങ്ങനെ ഭർതൃവീട്ടുകാർക്കെതിരേ നൽകുന്ന കേസുകളിൽ പലതിലെയും ആരോപണങ്ങൾ തെളിവില്ലാത്തതോ അടിസ്ഥാനമില്ലാത്തതോ ആണ്. സ്വന്തം താത്പര്യത്തിനും നേട്ടത്തിനുമായി കുട്ടിയെത്തന്നെ അമ്മ കേസിൽ ഉപയോഗിക്കുകയാണ്. വ്യാജ പരാതികളെ പ്രോത്സാഹിപ്പിക്കാതെ അഭിഭാഷകർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.



