വാഷിംഗ്ടണ്‍ ഡിസി: തെക്കന്‍ ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സേനയ്ക്കും വാണിജ്യ കപ്പലുകള്‍ക്കും ഭീഷണി ഉയര്‍ത്തിയിരുന്ന ഇറാനിയന്‍ ഡ്രോണ്‍ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തന്ത്രപ്രധാനമായ ജലപാതയിലൂടെ സാധാരണ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഏതെങ്കിലും കരാറുണ്ടെന്ന അവകാശവാദം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്.
നാല് ഇറേനിയന്‍ ഡ്രോണുകള്‍ യുഎസ് സൈന്യം വെടിവച്ചിട്ടതായും മറ്റൊരു ഡ്രോണ്‍ വിക്ഷേപിക്കാന്‍ തയാറെടുക്കുകയായിരുന്ന ബന്ദര്‍ അബ്ബാസിലെ ഒരു ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ നശിപ്പിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തിരുന്നു. ഹോര്മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു.



