ആറ് വര്‍ഷത്തിന് ശേഷം മനഷ്യൻ ചന്ദ്രനില്‍ സ്ഥിരതാമസമാക്കും, വമ്പൻ പദ്ധതി പ്രഖ്യാപിച്ച്‌ നാസ

വാഷിംഗ്ടണ്‍: സയൻസ് ഫിക്ഷൻ സിനിമകളെ വെല്ലുന്ന തരത്തില്‍ വൻ നഗരങ്ങള്‍ക്ക് സമാനമായ താവളങ്ങള്‍ ചന്ദ്രനില്‍ നിർമ്മിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച്‌ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.

ആറ് വർഷത്തിനുള്ളില്‍ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സ്വപ്ന പദ്ധതിക്കായി 1.6 ലക്ഷം കോടി രൂപയാണ് (20 ബില്യണ്‍ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

‘മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ എഞ്ചിനീയറിംഗ് പര്യവേക്ഷണ ശ്രമങ്ങളില്‍ ഒന്നാണിത്. അമേരിക്ക ചന്ദ്രനിലേക്ക് മടങ്ങിയെത്തുകയാണ്; ഇത്തവണ സ്ഥിരമായി ചന്ദ്രനില്‍ താമസിക്കാൻ ഉറപ്പിച്ചാണ് ഞങ്ങളുടെ വരവ്’.- ജാരെഡ് ഐസക്മാൻ പറഞ്ഞു. 2032 ഓടെ സ്ഥിരമായ ഒരു മനുഷ്യ കോളനി ചന്ദ്രനില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളായുള്ള ഒരു റോഡ് മാപ്പാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച അന്തരീക്ഷത്തില്‍ നൂറുകണക്കിന് ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒന്നിലധികം കെട്ടിടങ്ങള്‍ ഈ താവളത്തിലുണ്ടാകും.

ഒന്നാം ഘട്ടം

ഈ വർഷം ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളില്‍ ജെഫ് ബെസോസിന്റെ ‘ബ്ലൂ ഒറിജിൻ’ കമ്പനിയുടെ ‘ബ്ലൂ മൂണ്‍ മാർക്ക് 1’ ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള ഷാക്കിള്‍ട്ടണ്‍ ക്രേറ്ററിന് സമീപം ഇറങ്ങും. തുടർന്ന് ആസ്‌ട്രോബോട്ടിക്, ഇൻട്യൂട്ടീവ് മെഷീൻസ് എന്നീ സ്വകാര്യ കമ്പനികളുടെ ലാൻഡറുകള്‍ ഉപയോഗിച്ച്‌ ‘ആസ്‌ട്രോലാബ്’ നിർമ്മിച്ച ഒരു റോവർ ചന്ദ്രനിലെത്തിക്കും. ഈ ഘട്ടത്തിന്റെ അവസാനത്തോടെ ‘മൂണ്‍ഫാള്‍’ ഹെലികോപ്‌റ്റർ ഡ്രോണുകളും റോവറുകളും ഉപയോഗിച്ച്‌ ദക്ഷിണധ്രുവത്തില്‍ വെള്ളത്തിന്റെയും മറ്റ് വിഭവങ്ങളുടെയും സാന്നിദ്ധ്യം നാസ വിശദമായി പരിശോധിക്കും.

രണ്ടാം ഘട്ടം

2029ഓടെ ആദ്യമായി മനുഷ്യരെ ചന്ദ്രനിലെ താവളത്തില്‍ താമസിപ്പിക്കാൻ അയക്കും. 24 ലാൻഡിംഗുകളിലായി ഏകദേശം 60 ടണ്‍ നിർമ്മാണ സാമഗ്രികള്‍ ചന്ദ്രനിലെത്തിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. താവളത്തിന് ആവശ്യമായിട്ടുള്ള തടസമില്ലാതെ ഊർജ്ജം ലഭ്യമാക്കാൻ ‘ആറ്റോമിക് പവർ സിസ്റ്റങ്ങള്‍’ ആദ്യമായി ചന്ദ്രനില്‍ സ്ഥാപിക്കും. ബഹിരാകാശ വസ്ത്രങ്ങള്‍ ധരിക്കാതെ തന്നെ ശാസ്ത്രജ്ഞർക്ക് 30 ദിവസം വരെ ഇരുന്ന് യാത്ര ചെയ്യാനും ഗവേഷണം നടത്താനും സാധിക്കുന്ന വായു മർദ്ദം ക്രമീകരിച്ച റോവറുകളും ലഭ്യമാക്കും.

മൂന്നാം ഘട്ടം
2032ഓടെ ചന്ദ്രനില്‍ ശാസ്ത്രജ്ഞരുടെ സ്ഥിര താമസം സാദ്ധ്യമാക്കും. കൃത്യമായ ഇടവേളകളില്‍ ഭൂമിയില്‍ നിന്നും ശാസ്ത്രജ്ഞരുടെ പുതിയ സംഘങ്ങള്‍ മാറിമാറി ചന്ദ്രനിലെത്തും