സമൂഹവിവാഹത്തട്ടിപ്പ്; കാത്തിരുന്നത് 42 വരന്മാര്‍, ഒരു വധു പോലും വന്നില്ല; ഇന്റര്‍നെറ്റിലെ മോഡലുകളുടെ പടം കാട്ടി പറ്റിച്ചു! കാശും പോയി

ഭോപ്പാല്‍: മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ സമൂഹ വിവാഹത്തിന്റെ പേരില്‍ വൻ തട്ടിപ്പ്. തിളങ്ങുന്ന ഷേർവാണി അണിഞ്ഞ്, തലപ്പാവുംവച്ച്‌, മധുരപലഹാരങ്ങള്‍ നിറഞ്ഞ സ്റ്റീല്‍ ഡബ്ബകളുമേന്തി വധുവിനായി 42 മണവാളന്മാരാണ് വിവാഹ വേദിയില്‍ കാത്തിരുന്നത്.

വിവാഹ പ്രതീക്ഷയോടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ വരന്മാരും അവരുടെ കുടുംബങ്ങളും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വധുക്കള്‍ ഒരാളും എത്താതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

വിവാഹത്തിന് പെണ്‍കുട്ടികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത യുവതികളുടെ ചിത്രങ്ങള്‍ കാണിച്ച്‌ ഇവർ അനാഥാലയത്തിലെ പെണ്‍കുട്ടികളാണെന്നും, സമൂഹ വിവാഹം സംഘടിപ്പിക്കാമെന്നും വിശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായി ഓരോ കുടുംബത്തിലും നിന്ന് 12,000 മുതല്‍ 25,000 രൂപ വരെ ഈടാക്കിയതായി പരാതിയില്‍ പറയുന്നു. മൊത്തം തട്ടിപ്പിന്റെ തുക 10 ലക്ഷത്തിലധികമാണെന്നാണ് പ്രാഥമിത കണക്കുകൂട്ടല്‍.

മെയ് 25-ന് ദേവാസില്‍ വിവാഹം നടക്കുമെന്നായിരുന്നു വാഗ്ദാനം. അതിന് മുമ്പ് മെയ് 24-ന് മാതാ ടെക്രി സന്ദർശനവും തുടർന്ന് രാധാഗഞ്ചിലെ ക്ലബ് ഗ്രൗണ്ടില്‍ താമസ സൗകര്യവും ഒരുക്കുമെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഈ വിശ്വാസത്തിലാണ് പലരും രാവിലെ തന്നെ എത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട യാതൊരു ഒരുക്കങ്ങളും ഉണ്ടായിരുന്നില്ല.സംഘാടകരായി എത്തിയിരുന്ന മുകേഷ് ബൈരാഗിയും ഭാര്യ സുനിതയും വധുക്കള്‍ ഇൻഡോറില്‍ നിന്ന് വരികയാണെന്ന് പറഞ്ഞ് കുടുംബങ്ങളെ കാത്തിരുത്തി. രാവിലെ മുതല്‍ രാത്രി വരെ പല പല കാരണങ്ങളും പറഞ്ഞ് സമയം നീട്ടിയെങ്കിലും ഒടുവില്‍ രാത്രി 10 മണിയോടെ തട്ടിപ്പാണെന്ന് വ്യക്തമായി. തുടർന്ന് കുടുംബങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.