തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. പിണറായിയുടെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് വീടുകളിൽ പരിശോധന ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.
വീടുകളിലും സിഎംആർഎൽ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും സ്ഥാപനത്തിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തളളിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുളള ഇടപാടുകളില്‍ ഇഡി അന്വേഷണം തുടരാമെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്ലാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. കമ്പനി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഐടി സേവനങ്ങള്‍ നല്‍കാതെ തന്നെ സിഎംആര്‍എല്‍ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയത് എന്തിനാണ് എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ഈ പണം കളളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇഡി സംശയിക്കുന്നത്.



