അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ ഇന്ത്യന്‍ വനിത വെടിയേറ്റ് മരിച്ചു; അക്രമി കടന്ന് കളഞ്ഞു

വിർജീനിയ (Virginia): അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ ഗുജറാത്ത് സ്വദേശിയായ സ്ത്രീ വെടിയേറ്റ് മരിച്ചു. വിർജീനിയയിലെ ജനറൽ സ്റ്റോറിൽ പത്ത് വർഷമായി ജോലി ചെയ്തുവരികയായിരുന്ന മേഘ്നാബെൻ പട്ടേൽ (45) ആണ് മരിച്ചത്. കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മെഹ്സാനയിലെ വിസാപൂർ ജില്ലയിലുള്ള ജൻത്രാൽ ഗ്രാമ സ്വദേശിനിയാണ് മേഘ്നാബെൻ.

മൃഗങ്ങളുടെ പ്രിന്റുള്ള ട്രാക്ക് പാന്റും ഗ്രേ ജാക്കറ്റും ധരിച്ച് മുഖം മറച്ചെത്തിയ ഒരാൾ ആളൊഴിഞ്ഞ സ്റ്റോറിലേക്ക് നടന്നുപോകുന്നതും കൗണ്ടറിലേക്ക് അടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൗണ്ടറിന് അപ്പുറത്തുണ്ടായിരുന്ന സ്ത്രീയോട് ഇയാൾ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ അക്രമി പോക്കറ്റിൽ കൈയിട്ട് തോക്കെടുത്ത് മേഘ്നാബെന്നിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടൻ നിലത്തുവീഴുകയും, തുടർന്ന് കൗണ്ടറിന് മുകളിലൂടെ ചാടിക്കടന്ന അക്രമി വീണ്ടും വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് സ്റ്റോറിലെ ചില സാധനങ്ങൾ നിലത്തിട്ട് വന്ന വഴിയിലൂടെ തന്നെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. അക്രമിയെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.