–സാബു തൊട്ടിപ്പറമ്പില്‍ .
ഇടുക്കി:മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രതികരിച്ചതിന് ദൈവസഭാഗവും ട്യൂഷൻ സെൻറർ നടത്തിപ്പുകാരനുമായ അധ്യാപകന് വധഭീഷണി.
കട്ടപ്പന ദൈവ സഭയുടെ സജീവ അംഗവും ക്രൈസ്റ്റ് ട്യൂഷൻ സെൻറർ ഉടമയും അധ്യാപകനുമായ കല്ലട വീട്ടിൽ സജി ഫെര്‍ണാണ്ടസിനാണ് ഗുണ്ടകളുടെ ഭീഷണി.
കട്ടപ്പന- കല്ലുകുന്നിൽ സജി ട്യൂഷൻ സെൻറർ ആരംഭിച്ചിട്ട് 29 വർഷമായി. നിരവധി കുട്ടികള്‍ ഈക്കലയളവില്‍ ഇവിടെ വന്ന് പഠിച്ചു പോയിട്ടുണ്ട്. ഇപ്പോഴും ഇരുന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പനയും, മദ്യപാന്മാരുടെ ശല്യവും വളരെ രൂക്ഷയ പ്രദേശമാണെന്നും പറയപ്പെടുന്നു.
പോലീസോ, എക്സൈസോ എവിടെയെത്തി പരിശോധന നടത്തിയാൽ അത് സജി പറഞ്ഞിട്ടാണെന്നു പറഞ്ഞായിരുന്നു പ്രശ്നങ്ങൾ. ‘അവരായി അവരുടെ പാടായി’ എന്ന നിലപാടിൽ നിശബ്ദനായിരുന്നു സജി .എന്നാൽ നിരന്തരം ആരോപണങ്ങളുടെ ശല്യം വർദ്ധിച്ചതോടെ, ഇതിനെ സജി എതിര്‍ക്കുകയും, പോലീസില്‍ പരാതി നൽകുകയും ചെയ്തു എന്നുള്ളതും വസ്തുതയാണ്. പൊളിഞ്ഞുകിടന്ന ഒരു വീട്ടിൽ കഞ്ചാവ് നട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സജി ഇതിന്റെ ഫോട്ടോ സഹിതം അധികാരികളില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ സജിക്കെതിരെ സാമൂഹ്യവിരുദ്ധരുടെ പക വർദ്ധിച്ചു.
കഴിഞ്ഞദിവസം ഇവരുടെ വീടിനു മുന്നിലുള്ള ഇടുങ്ങിയ വഴിയിലൂടെ രണ്ടുകാറുകൾ നേർക്കുനേർ വരികയും, വാഹനം കടന്നുപോകാൻ പറ്റാത്തതിനെ ചൊല്ലി ഒച്ചപ്പാടും ബഹളവും നടന്നു. ഇതിൽ ഒരു കാർ നിരന്തരം സജിയുടെ വീടിനു സമീപം പാർക്ക് ചെയ്യുകയും, സജിയെയും കുടുംബത്തെയും നിരീക്ഷിക്കുകയും ചെയ്തിരുന്നതായും വീട്ടുകാർ ആരോപിച്ചു. കാറുകാര്‍ തമ്മിൽ പ്രശ്നം ഉണ്ടായപ്പോൾ അത് ശ്രദ്ധിച്ചു വീട്ടിൽ നിന്നിരുന്ന സജിയെയും ഭാര്യയെയും യാതൊരുവിധ പ്രകോപനവും ഇല്ലാതെ വീട്ടുമുറ്റത്തെത്തി ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
“നിനക്കെന്നെ അറിയാമല്ലോ ,നിന്നെ ഞാൻ വെച്ചേക്കില്ല.” എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. പ്രശ്നം രൂക്ഷമായപ്പോൾ സമീപവാസികളായ നാട്ടുകാർ ചേർന്ന് ഇവരെ ഓടിച്ചുവിടുകയായിരുന്നു.
ഒരു പ്രശ്നമുണ്ടാക്കാൻ വേണ്ടി മനഃപൂർവം ഒരു സീൻ ക്രിയേറ്റ് ചെയ്തതാണോ എന്നും സജിയും കുടുംബവും സംശയിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച സജിയുടെ ഭാര്യ ഷൈലു സജി കട്ടപ്പന പോലീസില്‍ പരാതി നൽകിയിട്ടുണ്ട്. ”എനിക്കും എൻറ ഭർത്താവിനും പെൺകുട്ടിക്കും ജീവനു ഭീഷണിയുണ്ടെ”ന്ന് പരാതിയിൽ പറയുന്നു.
സജിയുടെ സമീപവാസിയായ ഒരാൾ സജിയ്കും കുടുംബത്തിനും എതിരെ പരാതിയുമായി രംഗത്തെത്തിയിട്ട് വർഷങ്ങളായി. പരാതിക്കാരന്റെ ‘പരാതി’യാണ് വിചിത്രം. ട്യൂഷൻ സെന്ററിലെ കുട്ടികളുടെ ‘ഒച്ച’ ഇയാൾക്ക് ശല്യം ആകുന്നത്രേ. മറ്റൊന്ന് ട്യൂഷൻ സെൻററില്‍ എത്തുന്ന ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നത് മറ്റൊരു വിധത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നു. കൂടാതെ ട്യൂഷൻ സെന്ററിന് ലൈസൻസ് ഇല്ലെന്നുമാണ് ഇയാളുടെ പരാതി. ഇയാൾ അഞ്ചുവർഷത്തിനിടയിൽ ലോക്കൽ ബോഡിയില്‍ ഏതെല്ലാം അധികാരകേന്ദ്രങ്ങൾ ഉണ്ടോ അവിടങ്ങളിലും, ഹൈക്കോടതി വരെയും കേസുമായി പോയി. എന്നാൽ എവിടെ എല്ലാം പരാതി കൊടുത്തോ, അവിടെയെല്ലാം പരാജയപ്പെടുകയായിരുന്നു.ഇതിൻറെ കൂടെ ദേഷ്യത്തില്‍ ഇയാൾ പുറത്തുനിന്ന് വാടകയ്ക്ക് ഗുണ്ടകളെ എത്തിച്ച് പ്രശ്നം സൃഷ്ടിക്കാകയുമാണെന്ന് സജിയും ഭാര്യയും ആരോപിക്കുന്നു.
വീട്ടിൽ ഒരു പ്രാർത്ഥന വെച്ചാൽപോലും ഈ അയൽക്കാരൻ പ്രശ്നമുണ്ടാക്കുമത്രേ. ഒച്ചയിൽ പാടാൻ പറ്റില്ല. കൈയ്യടിക്കാൻ പാടില്ല. ഇതൊക്കെയാണ് വിദ്വാവന്റെ ആവശ്യം. മദ്യത്തിന് അടിമയായ ഇയാളും സാമൂഹ്യവിരുദ്ധരും ഒത്തുചേർന്ന് സജീക്കും കുടുംബത്തിനും എതിരെ തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം പ്രശ്നമുണ്ടായപ്പോൾ ഇവരെ നിരന്തരം നിരീക്ഷിച്ചിരുന്ന കാറിൽ ഈ അയൽക്കാരന്‍ ഉണ്ടായിരുന്നതായും, പ്രശ്നം രൂക്ഷമായപ്പോൾ കാറിൽ നിന്നിറങ്ങിപ്പോകുന്നത് കണ്ടതായും വീട്ടുകാർ പറയുന്നു.
ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഐക്യവേദിയും രംഗത്തെത്തി. സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും സജിയുടേയും കുടുംബത്തിന്‍റയേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിന് വേണ്ടി ഏതറ്റം വരേയും പോകുമെന്ന് ക്രിസ്ത്യന്‍ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് എം കുടക്കച്ചിറയും, ജില്ലാ ട്രഷറർ സജിമോന്‍ എ.സി യും ക്രൈസ്തവചിന്തയോട് പറഞ്ഞു.



