സിപിഎമ്മിൻ്റെ ‘സൂക്കേട്’ തുടങ്ങി; ഇപ്പോഴേ സമരം തുടങ്ങിക്കോളാൻ അണികൾക്ക് നിർദ്ദേശം

കെ എന്‍ റസ്സല്‍
(ചീഫ് എഡിറ്റര്‍, ക്രൈസ്തവചിന്ത)

ഒരു സർക്കാർ അധികാരത്തിൽ വന്നാൽ അതിനെ വിലയിരുത്താൻ ആറ് മാസാമെങ്കിലും വേണ്ടെ. എന്നാല്‍ അതൊന്നും നോക്കുകയും വേണ്ട..വിലയിരുത്തുകയും വേണ്ട, സമരത്തിന് തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന.

പാര്‍ട്ടി ഭരിക്കുമ്പോള്‍ സമരം ചെയ്യേണ്ട പല വിഷയങ്ങളിലും നിശ്ശബ്ദത പാലിക്കും. ഭരണം നഷ്ടപ്പെട്ടാല്‍ തൊട്ടതിനും, പിടിച്ചതിനും സമരം. ഇത് എന്ത് തരം നിലപാടാണ് ?ഇതിനെയല്ലേ സമരാഭാസം എന്ന് ജനം വിളിക്കുന്നത്. ജനം നല്‍കിയ തോല്‍വി മനസിലാക്കാതെ തെരുവിലിറങ്ങുന്നത് ഭൂക്ഷണമല്ല.

രണ്ട് ടേം ഭരിച്ച് വീണ്ടും മൂന്നാം തവണ ഭരിക്കാമെന്ന് സ്വപ്നം കണ്ട എല്‍ ഡി എഫി ന് നാണം കെട്ട തോല്‍വിയാണ് ഏറ്റ് വാങ്ങേണ്ടി വന്നത്. അതിന്‍റ നാണക്കെട് മറയ്ക്കാൻ പെട്ടെന്നുള്ള ഈ സമരാഹ്വാനം കൊണ്ട് സാധിക്കുമോ ?

വികസന വിരോധികളായ സി. പി എം നേതൃത്വം നിർദ്ദേശം നൽകിക്കഴിഞ്ഞുവത്രേ, സമരം ഉടനെ തന്നെ തുടങ്ങിക്കോളാൻ.കൊള്ളാം അല്ലേ ! ഈ പരിപ്പ് ഇപ്പോഴത്തെ കലത്തിൽ വേവുമെന്ന് തോന്നുന്നില്ല. പൃഷ്ടത്ത് പാള കൂടി കെട്ടി വേണം സമരത്തിന് ഇറങ്ങാൻ. കൊടുത്താൽ കൊല്ലത്തും കിട്ടും സ്റ്റാലിൻ കൂട്ടമേ .

കേരളം അമ്പരപ്പോടെ നോക്കി കണ്ട ഒരു സമരമായിരുന്നു ആശാ വര്‍ക്കര്‍ന്മാരുടെ സമരം. ന്യായമായ ഈ സമരത്തിന് ഒരു വാക്കുകൊണ്ട് പോലും അനുകൂല നിലപാട് എടുക്കാത്തവരുടെ രക്തമാണ് ഇപ്പോൾ തിളയ്ക്കുന്നത്. ആശാവര്‍ക്കരുടെ സമരത്തിന് നേരെ മുഖം തിരിച്ചതാണ് തോല്‍വിയുടെ ആദ്യ ആണിയടിക്ക് കാരണം.

ന്യായത്തിനുവേണ്ടി എന്ന് പറഞ്ഞ് സമരത്തിന് ഇറങ്ങുന്ന ഡി.വൈ.എഫ് എ എന്തേ ഈ ന്യായമായ കാര്യത്തിന് അവരൊടൊപ്പം നിന്നില്ല. രാഷ്ട്രീയം നോക്കിയാണൊ ന്യായാന്യായങ്ങള്‍ വിലയിരുത്തേണ്ടത്.

വി ഡി സതീശന്‍ അധികാരമെറ്റ് ആദ്യ മന്ത്രി സഭാതീരുമാനങ്ങളില്‍ ഒന്ന് ,ആലപ്പുഴയില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട ‘ഗണ്‍മാന്‍’മര്‍ദ്ദനത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടതാണ്.ഇതാകട്ടെ കോടതി ഉത്തരവിൻ്റെ തുടര്‍ നടപടികളുടെ ഭാഗമാണ്. എന്നാല്‍ ഈ കോടതി വിധിയെപ്പോലും പിണറായി കാറ്റിൽ പറത്തി.

ഭരണത്തിലുള്ളപ്പോള്‍ നിശബ്ദതയും,ഭരണം നഷ്ടപ്പെട്ടാല്‍ ഒരു തരം വിറളിയുമാണിവർക്ക്.അത് ബുമറാംങ് പോലെ തിരിച്ചടിക്കും എന്നതാണ് സത്യം.

അനുഭവങ്ങൾ പഠിക്കാനുള്ളതാണ്. പരിഹസിക്കാനുള്ളതല്ല.അത് മനസ്സിലാക്കാതെ പോയാൽ ‘കുനിന്മേല്‍ കുരു’ എന്നപോലെ നിങ്ങളെത്തന്നെ ബാധിക്കും. അത് ഒരു തരത്തില്‍ നല്ലതാണ്. നിലവിലെ സര്‍ക്കാരിന് ഒരു രണ്ടാം ടേമിനുള്ള പാത ഇപ്പോഴെ ഒരുക്കിയിടുന്നതും നല്ലതാണ്.