തടസ്സങ്ങളെയോര്‍ത്ത് യാത്ര അവസാനിപ്പിക്കരുത്; തടസ്സങ്ങളെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് യാത്ര തുടരുക

ഒരിക്കല്‍ ബുദ്ധനും തന്റെ ശിഷ്യനും കൂടി ദൂരെയുള്ള ഗ്രാമത്തിലേക്ക് യാത്രയായി. ചെറുഗ്രാമങ്ങള്‍ കടന്ന് ആ യാത്ര തുടര്‍ന്നു.

ഇടക്ക് വഴിതെറ്റിയെന്ന തോന്നലില്‍ ബുദ്ധന്‍ അടുത്തുകണ്ട വൃദ്ധനോട് വഴിചോദിച്ചു. വൃദ്ധന്‍ പറഞ്ഞു:

ഇനി ഒരു രണ്ടുമൈല്‍ ദൂരം നടന്നാല്‍ ആ ഗ്രാമത്തിലെത്തും. മറുപടികേട്ട ബുദ്ധന്‍ ചിരിച്ചു. ആ വൃദ്ധനും.. അവര്‍ നടത്തം തുടര്‍ന്നു. ഏകദേശം രണ്ട്‌മൈല്‍ കഴിഞ്ഞിട്ടും ആ ഗ്രാമമെത്തിയില്ല.

അവര്‍ വഴിയില്‍ കണ്ട സ്ത്രീയോടും ചോദ്യം ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞു: ഇനി ഏകദേശം രണ്ടുമൈല്‍ ദൂരം. ഉത്തരം കേട്ട ബുദ്ധന്‍ ചിരിച്ചു. അവരും ചിരിച്ചു. വീണ്ടും യാത്ര തുടര്‍ന്നു.

പിന്നെയും കണ്ട രണ്ടുപേരും ഈ രണ്ടുമൈല്‍ ആവര്‍ത്തിച്ചു. പക്ഷേ ഗ്രാമമെത്തിയില്ലെന്നുമാത്രല്ല, അവര്‍ പരസ്പരം ചിരിക്കുന്നത് ശിഷ്യന്‍ ശ്രദ്ധിക്കുകയും ചെയ്തു. ശിഷ്യന് ക്ഷമകെട്ടു.

അയാള്‍ തോളത്തിരുന്ന ബാഗ് നിലത്തിട്ട് അവിടെ ഇരുന്നു. എന്നിട്ട് ബുദ്ധനോട് പറഞ്ഞു: രണ്ടു മൈല്‍ എന്ന പറഞ്ഞിട്ട് നാം എത്ര മൈലുകള്‍ പിന്നിട്ടു. ഇവരെല്ലാം നമ്മോട് കള്ളം പറയുകയാണോ? നിങ്ങളെന്തിനാണ് പരസ്പരം ചിരിക്കുന്നത്? ശിഷ്യന്റെ സംശയങ്ങള്‍ തുടര്‍ന്നു.

ബുദ്ധന്‍ പറഞ്ഞു: ആദ്യത്തെയാള്‍ പറഞ്ഞത് കള്ളമാണ്. അത് അയാള്‍ക്കും എനിക്കും അറിയാം. പക്ഷേ, ആ രണ്ടുമൈല്‍ ദൂരം നമുക്ക് താണ്ടാന്‍ ആ കള്ളം നമ്മെ സഹായിച്ചു. തുടര്‍ന്നുളള ഓരോരുത്തരും ഇതാവര്‍ത്തിച്ചപ്പോള്‍ നമ്മള്‍ വീണ്ടും നടന്നു..

ആ ഗ്രാമത്തിലേക്ക് ഏകദേശം 15 മൈല്‍ ദൂരമുണ്ട്. അത് ആദ്യമേ പറഞ്ഞാല്‍ നമ്മള്‍ ചിലപ്പോള്‍ യാത്ര അവസാനിപ്പിച്ചേക്കും. അവര്‍ തന്ന പ്രതീക്ഷയാണ് നമ്മെ ഇതുവരെ എത്തിച്ചത്.

ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല തടസ്സങ്ങളേയും നേരിടേണ്ടിവരും. എന്നാല്‍ ആ തടസ്സങ്ങളെയോര്‍ത്ത് യാത്ര അവസാനിപ്പിക്കരുത്. ആ തടസ്സങ്ങളെ പരമാവധി മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് യാത്ര തുടരുക. നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. എവിടേയോ ഒരു മരുപ്പച്ചയുണ്ട്. എത്തുമെന്ന ഉറപ്പില്ല.

എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കണം. എത്തിയില്ലെങ്കിലും ആ യാത്ര വലിയ കാര്യമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കണം.. അതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്

– ശുഭദിനം.