• സാബു തൊട്ടിപ്പറമ്പിൽ
സമയം ഉച്ചയ്ക്ക് 12 .10 . സ്ഥലം ,ബേക്കറി ജംഗ്ഷനിലെ വസതി. രാഷ്ട്രീയ കേരളം അങ്ങേയറ്റം ആകാംക്ഷയോടെയും നിറഞ്ഞ മനസ്സോടും കാത്തിരുന്ന മുഹൂർത്തം.മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എത്തി. ഇന്ന് രാഷ്ട്രീയ കേരളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു അത്. കടുത്ത രാഷ്ട്രീയ വൈരികൾ ഒഴികെ മറ്റെല്ലാവരും കൗതുകപൂർവ്വം വീക്ഷിച്ച ഒരു സംഗമമായിരുന്നു അത്.
കഴിഞ്ഞ തവണത്തേ സ്ഥാനങ്ങള്‍ വെച്ച് മാറിയ രണ്ട് നേതാക്കളേന്നത് കൗതുകത്തിന് മാറ്റ് വർദ്ധിപ്പിച്ചു .മുഖ്യമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കപ്പെട്ട വി ഡി സതീശന് ഇന്ന് തിരക്കോട് തിരക്കായിരുന്നു. രാവിലെ മുതൽ മുതിർന്ന നേതാക്കളുടെ വസതിയും, ഘടകകക്ഷി നേതാക്കളേയും സന്ദർശിച്ചു.
ഓരോ സന്ദർശനത്തിനു ശേഷവും വളരെ കാര്യമായി മാധ്യമങ്ങളെ കാണുകയും ചോദ്യങ്ങൾക്ക് ഒരു മറയുമില്ലാതെ തുറന്ന മനസ്സോടെ മറുപടിയും നൽകി .ഇത്തരമൊരു മാധ്യമ കൂടിക്കാഴ്ചയില്‍ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചു .”മുൻ മുഖ്യമന്ത്രിയെ കാണുമോ?”
ഒട്ടും സമയം പാഴാക്കാതെ ”തീർച്ചയായും അദ്ദേഹത്തെ ഞാൻ കാണാൻ പോകും ”എന്ന് വി ഡി സതീശൻ പറഞ്ഞതോടെ പത്ര- ദൃശ്യമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടേയ്ക്കായി. ചാനലുകളിൽ നിയമ സഭയിലെ ഇരുവരുടേയും കൊമ്പുകോർക്കൽ ചർച്ചയായി. എന്നാൽ ഇതിന് മറ്റെന്തിനേക്കാളും ഒരു രാഷ്ട്രിയ സൗന്ദര്യമുണ്ടെന്ന് ഏറെക്കുറെ എല്ലാ മാധ്യമങ്ങളും വിലയിരുത്തി.
പിന്നീടുള്ള മണിക്കൂറകള്‍ അതിനായി മാധ്യമങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു. സമയം കൃത്യം 12 .10 ന് പിണറായി വിജയൻറെ ബേക്കറി ജംഗ്ഷനിലെ വസതിക്ക് മുന്നിൽ നിയുക്ത മുഖ്യമന്ത്രി എത്തി. കാറിൽ നിന്നിറങ്ങി തൊഴുകൈകളോടെ മുന്‍ മുഖ്യന്റ അടുത്തേക്ക്. വളരെ ഊഷ്മളമായ രീതിയിൽ പിണറായി വിജയന് കടന്നുവന്ന് സതീശന്റെ കൈ കവർന്നു.
തന്നോടൊപ്പം എത്തിയവരെ ചൂണ്ടിക്കാട്ടി വി ഡി യുടെ സംഭാഷണം .അവരെ കൈയെടുത്ത് കൂപ്പി നിറഞ്ഞ പുഞ്ചിരിയുമായി പിണറായി വിജയൻ. രാഷ്ട്രീയത്തിനപ്പുറമുള്ള തുറന്ന മനസ്സോടെ ഇരുവരും നിറപുഞ്ചിരിയുമായി നിന്നു.
ഇതിനിടയിൽ വളരെ സാവധാനം പിണറായി വിജയൻ സതീശന്റെ കൈ വീണ്ടും ചേർത്തുപിടിച്ച് വീടിനുള്ളിലേക്ക് കയറിപ്പോയി. രാഷ്ട്രീയത്തിൽ സഭയ്ക്കകത്തും പുറത്തും വീറും വാശിയും നിറഞ്ഞ പോരാടിയ രണ്ടു വ്യക്തിത്വങ്ങൾ.
അതാകട്ടെ, രാഷ്ട്രീയത്തിനപ്പുറത്തും മനുഷ്യ സഹജമായ ചില വികാരങ്ങളും, സൗഹൃദങ്ങളും ഉണ്ടെന്നു പറയാതെ പറഞ്ഞു വെയ്ക്കുകയായിരുന്നു. പ്രത്യേകിച്ച് അല്പം കർക്കശക്കാരനായ പിണറായി ഇന്ന് അതിൽ നിന്നും തികച്ചും വ്യത്യസ്തനായി കാണപ്പെട്ടു. നിങ്ങൾക്കും എനിക്കും രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ അതിനപ്പുറത്ത് നമ്മൾ എല്ലാം മനുഷ്യനാണെന്ന് ചിന്തകൾ നാടിൻറെ ശാന്തതയ്ക്ക് എപ്പോഴും മുതൽക്കൂട്ടാണ്.
കടുത്ത രാഷ്ട്രീയ വൈരികൾ ഒരുപക്ഷേ, വി ഡി എസിന്റത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായുള്ള ഒരു ഗിമ്മിക്ക് ആയും ചിത്രീകരിക്കാം. എന്നാൽ മുൻ നിയമസഭ സ്പീക്കർ കാർത്തികേയൻറ വീട്ടിലെത്തി പഴയ ഓര്‍മ്മകളില്‍ വിതുമ്പിയ സതീശനെ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അറിയാം
ഇതൊന്നും അഭിനയമല്ല, മറിച്ച് ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നുമുള്ള വികാര വിക്ഷോഭ നിമിഷങ്ങളാണെന്ന്. 10 മിനിറ്റ് സന്ദർശനത്തിനുശേഷം ഇരുവരും പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. പിണറായി വിജയൻ ഒന്നും പ്രതികരിച്ചില്ല. പിന്നീടാകട്ടെ എന്ന് മാത്രം പറഞ്ഞു.
എന്തായിരുന്നു ഉള്ളിലെ സംഭാഷണം എന്നായി പത്രങ്ങൾ. ഞങ്ങൾ ”ഉള്ളിൽ പറഞ്ഞതെല്ലാം നിങ്ങളോട് പറയാൻ ആകുമോ” എന്ന് ചെറുപുഞ്ചിരിയോടെ നിയുക്ത മുഖ്യമന്ത്രിയുടെ മറുചോദ്യം.
അതെ, എല്ലാ കാര്യങ്ങൾക്കും അപ്പുറം സ്നേഹവും സൗഹൃദവും ഹൃദയത്തിൽ സൂക്ഷിക്കാനും അത് പ്രകടിപ്പിക്കാനും ഒരു മടിയുമില്ലാത്ത തുറന്ന മനസ്സാണ് വി ഡി സതീശന്റേതെന്ന് പറയാം.
ഈ സൗഹൃദത്തിന്റയും, മതേതര മൂല്യങ്ങളുടേയും കാഴ്ചപ്പാടുകളേ ചേർത്തുപിടിക്കാൻ സദാ സന്നദ്ധനായ ഒരു ഭരണാധികാരി നാളെയുടെ ആവശ്യമാണ്. കേരളത്തിനത് അനിവാര്യവും അനുഗ്രഹമാണ്.



