ഷാജി ആലുവിള

സ്ഥാനമാനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടിയിലും സാമൂഹ്യ മേഖലയിലും ആത്മീയ സംഘടനകളിലും നടത്തുന്ന വടംവലിയെ ആണ് പൊതുവെ കസേര കളി എന്നുപറയുന്നത്.
കസേരക്കും കസേരകളിക്കും ഒരു ചരിത്രമുണ്ട്. ബി. സി. 2600 ൽ ഈജിപ്റ്റിലാണ് കസേരയുടെ ഉത്ഭവമെന്ന് അനുമാനിക്കുന്നു. അന്ന് അധികാരത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായിരുന്നു കസേര. ഗ്രീക്കുകാരും റോമൻ പ്രഭുക്കന്മാരും അലങ്കരകസേരകൾ നിർമ്മിച്ചിരുന്നത് വിലക്കൂടിയ തടിയിലും ആനക്കൊമ്പിലും ആയിരുന്നു.
1760- 1840 ൽ കസേരകളുടെ നിർമ്മാണം വലിയ തോതിൽ ആരംഭിക്കുകയും നവോത്ഥാന കാലഘട്ടത്തിൽ സാധാരണക്കാർക്കും ലഭ്യമായി തുടങ്ങുകയും ചെയ്തു.
പുരാതന കാലത്ത് ഫറവോമാരും (ഈജിപ്റ്റിലെ ) റോമൻ പ്രഭുക്കൻമ്മാരും അധികാര ചിഹ്നമായി അലങ്കാരപ്പണിയുള്ള കസേരകൾ ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീസിലെ “ക്ലിസ്സ്മോസ്” കസേരകൾ വളരെ പേരുകേട്ടതാണ്.
ഏകദേശം 18 -ാം നൂറ്റാണ്ടോടുകൂടി വീടുകളിൽ ഉപയോഗിക്കത്തക്ക കസേരകൾ ലഭ്യമായിതുടങ്ങി. 1 9 -ാം നൂറ്റാണ്ടിൽ ചാൾസ് ഡാർവിൻ, ഓഫീസ് കസേരയുടെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചത് വിപ്ലവകാരമായി.
പിന്നീട് പലരൂപത്തിലും പലരീതിയിലും കസേര നിർമ്മാണങ്ങൾ അനേക കമ്പനികൾ ആരംഭിച്ചു.
കുട്ടിക്കസേര മുതൽ സിംഹാസനം വരെയുള്ള കസേരകൾ നിലവിലുണ്ട്. നേതാക്കന്മാരുടെ സ്ഥാനത്തിനൊത്ത് രൂപകല്പന ചെയ്ത് കസേരകൾ സ്ഥാപിക്കാറുണ്ട്. ചില ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ കാലം ചെയ്താൽ പ്രത്യേക തരത്തിലുള്ള കസേരയിൽ ഇരുത്തിയാണ് സംസ്ക്കരിക്കുന്നത്. അത് അവരുടെ സഭാപരമ്പര്യമാണ്.
ഒരിക്കൽ പദവിയുടെ അധികാരക്കസേരയിൽ ഒരാൾ ഇരുന്നുപോയാൽ മരണം വരെ അതിൽ തുടരാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. അത് ഒരു ലഹരിയായിമാറും. അധികാരം നഷ്ടമായാൽ ആരും ആരുമല്ല എന്നുള്ള വസ്തുതയാണ് കാരണം.
പദവിയുടെ സിംഹാസനത്തിൽ ഉപവിഷ്ഠനാകാൻ വടംവലിയും കസേരകളിയും കൂടിവരുന്നത് ജനം കണ്ടുതുടങ്ങിയിട്ട് കാലം കുറെയായി. സംഗീതത്തിനൊപ്പം കളിക്കുന്ന ഒരു ജനപ്രിയ വിനോദമാണ് കസേരകളി. കളിക്കാർ കസേരക്ക് ചുറ്റും ആദ്യം നടക്കുകയും സംഗീതം നിൽക്കുമ്പോൾ ഒഴിവുള്ള കസേരയിൽ ഇരിക്കുകയും വേണം. കസേര കിട്ടാത്തവർ കളത്തിൽ നിന്നും പുറത്താക്കുന്നു. ആളിന്റെ എണ്ണം കുറയുന്നതനുസരിച്ചു നടത്തം ഓട്ടമായി മാറുന്നു. അപ്പോൾ കളിക്കാരുടെ എണ്ണത്തേക്കാൾ ഒരു കസേര കുറവായികൊണ്ടിക്കും. ഓരോ റൗണ്ടിനു ശേഷം ഓരോകസേര നീക്കം ചെയ്യും. ഒടുവിൽ പാട്ടിനൊപ്പം പുറത്തുനിൽക്കുന്നവരുടെ കയ്യടിയും ആർപ്പുവിളിയും കൂടുന്നു. ഒടുവിൽ ഒരു കസേരയും രണ്ടുപേരും മാത്രം ശേഷിക്കും. ശരിക്കും വട്ടംകറക്കിയശേഷം ഒരാൾ ആ കസേരയിൽ ഇരിക്കുകയും അയാൾ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കസേരകളി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര പദവികൾക്കായി നടക്കുന്ന തർക്കങ്ങളെ സൂചിപ്പിക്കുവാൻ കസേരകളിയെന്ന പദപ്രയോഗം ഉപയോഗിക്കുന്നു.



