കോട്ടയം: ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് സംസ്ഥാനതലത്തിൽ നടത്തിയ 2025-26 വാർഷിക പരീക്ഷയിൽ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ യശസ്സ് നൂറിന്റെ നെറുകയിലെത്തിച്ച് ഹാട്രിക് തികച്ചിരിക്കുകയാണ് കുമ്പനാട് സെന്റർ വെള്ളിക്കര സഭയിൽ നിന്നുള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രഷ്യസ് ആന്മേരി. 100% മർക്കോടെയാണ് പ്രഷ്യസ് ഒന്നാം സ്ഥാനത്ത് എത്തിയത്.
തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥിനി
ദൈവസഭാ സംസ്ഥാന ക്യാമ്പിൽ ഇംഗ്ലീഷ് പ്രഭാഷണത്തിലും ഉപകരണ സംഗീതത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതിനു പുറമെ, Lead IAS Junior അക്കാദമിയുടെ MOCK UPSC പരീക്ഷയിലും ഒന്നാം റാങ്കോടെ മികച്ച വിജയം സ്വന്തമാക്കി.
കുമ്പനാട് ബി.ഇ.എം ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പ്രഷ്യസ്, വെള്ളിക്കര സഭാംഗങ്ങളായ ബ്രദർ അനിൽ ഫിലിപ്പിന്റെയും സിസ്റ്റർ വിൻസി തോമസിന്റെയും മകളാണ്. സിസ്റ്റർ വർഷ രാജേഷാണ് സൺഡേ സ്കൂൾ ക്ലാസ് അധ്യാപിക.
മികച്ച വിജയം നേടിയ പ്രഷ്യസിനെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കെ കെ ജോൺസൺ, സെക്രട്ടറി നെൽസൺ പീറ്റർ എന്നിവർ അഭിനന്ദിച്ചു.



