കോവിഡ് മഹാമാരിയില്‍ പൊലിഞ്ഞത് 2.21 കോടി ജീവനുകള്‍; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

‘വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026’ പ്രകാരം, 2020-2023 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ 2.21 കോടിയിലധികം ആളുകള്‍ കോവിഡ് മൂലം മരണമടഞ്ഞു. വിവിധ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക കണക്കായ 70 ലക്ഷത്തിന്റെ മൂന്നിരട്ടിയോളം വരുമിത്.

കോവിഡ് ബാധിച്ച്‌ ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായ വർഷം 2021 ആയിരുന്നു. വൈറസിന്റെ അപകടകാരികളായ വകഭേദങ്ങള്‍ പടർന്നുപിടിച്ച 2021-ല്‍ മാത്രം 1.04 കോടിയിലധികം ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകളേക്കാള്‍ 50 ശതമാനം അധികം പുരുഷന്മാരാണ് ഈ കാലയളവില്‍ മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിന്റെ ആരോഗ്യ പുരോഗതിയെ ഈ മഹാമാരി ഒരു പതിറ്റാണ്ടോളം പുറകോട്ട് വലിച്ചെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ ആഗോളതലത്തില്‍ ആയുർദൈർഘ്യത്തിലും ആരോഗ്യനിലവാരത്തിലും കൈവരിച്ച നേട്ടങ്ങളെല്ലാം 2021-ഓടെ ഇല്ലാതായി. രോഗം ബാധിച്ചവരില്‍ 85 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് യുവാക്കളേക്കാള്‍ പത്തിരട്ടിയാണെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

കോവിഡിന് പിന്നാലെ മറ്റ് ആരോഗ്യ മേഖലകളിലും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. എച്ച്‌ഐവി, ക്ഷയം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ പുരോഗതികള്‍ ഉണ്ടായെങ്കിലും, 2015-ന് ശേഷം മലേറിയ ബാധിതരുടെ എണ്ണത്തില്‍ 8.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മാതൃ-ശിശു ആരോഗ്യം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെ തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ പലയിടത്തും മന്ദഗതിയിലാണെന്നും, ലോകം ആരോഗ്യരംഗത്ത് നേരിടുന്ന അസമത്വം ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു.