‘പെണ്‍കുട്ടികള്‍ എന്താനാണ് പഠിക്കുന്നത്? അവര്‍ വീട്ടിലിരിക്കണം’: ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമ‍ശം

പട്‌ന: പെണ്‍കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി.

പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോള്‍ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ തനിയെ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, ഒരു മന്ത്രി തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഇന്ത്യയെ ആഭ്യന്തരമായി തകർക്കുന്നതിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

2026-ലും ഇത്തരം ചിന്താഗതികള്‍ വച്ചുപുലർത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമ‍ശനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ (ഓണേഴ്‌സ്) ബിരുദം നേടിയ അധ്യാപകനായിരുന്നു ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ മിഥിലേഷ് തിവാരി. കുറച്ചുകാലം അദ്ദേഹം പട്‌നയില്‍ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയിരുന്നു.

1988 ല്‍ തിവാരി എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1990ല്‍ ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ആർജെഡിയുടെ ഭരണകാലത്ത്, 2005 ഫെബ്രുവരിയില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2015 ല്‍, ജെഡി (യു)-ആർജെഡി സ്ഥാനാർത്ഥിയെ പിന്നിലാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ ബൈകുന്ത്പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയം നേടാനായിരുന്നില്ല. 2025ല്‍ ആർജെഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് മിഥിലേഷ് എംഎല്‍എ ആകുന്നത്.