റണ്‍വേയിലേക്ക് അതിക്രമിച്ച്‌ കടന്നയാൾ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; വിമാനത്തിന് തീപിടിച്ചു…!

ഡന്‍വര്‍: വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെ റണ്‍വേയിലേക്ക് അതിക്രമിച്ച്‌ കടന്നയാള്‍ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടതിനെ തുടർന്ന് ദാരുണമായി മരണപ്പെട്ടു.

കൊളറാഡോയിലെ വിമാനത്താവളത്തിലെ വേലി ചാടിക്കടന്ന് എത്തിയ അജ്ഞാതനാണ് ദുരന്തത്തിനിരയായത്. സംഭവം വിമാനം തീപിടിക്കുന്നതിനും യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുന്നതിനും കാരണമായി മാറുകയായിരുന്നു.

അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന ഫ്‌ലൈറ്റ് 4345-ല്‍ ആണ് അപകടമുണ്ടായത്. സംഭവത്തില്‍ എന്‍ജിന് തീപിടിക്കുകയും യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ പൈലറ്റ് കണ്‍ട്രോള്‍ ടവറില്‍ വിവരം അറിയിച്ചു. വിമാനത്തില്‍ 224 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്നുവെന്നും, റണ്‍വേയിലൂടെ നടന്നുപോയ ആളെയാണ് വിമാനം ഇടിച്ചതെന്നും പൈലറ്റ് വ്യക്തമാക്കി..

വിമാനത്തിനുള്ളില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് റണ്‍വേയില്‍ വെച്ചുതന്നെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒഴിപ്പിച്ച യാത്രക്കാരെ ബസുകളില്‍ ടെര്‍മിനലിലേക്ക് മാറ്റി. പരിക്കേറ്റ 12 യാത്രക്കാരില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതരുമായും സുരക്ഷാ ഏജന്‍സികളുമായും സഹകരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അപകടം നടന്ന റണ്‍വേ താല്‍ക്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നുകൊടുത്തു. ഈ സംഭവത്തിന് തൊട്ടുതലേദിവസം ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് ജീവനക്കാരനും ജോലിക്കിടെ കൊല്ലപ്പെട്ടിരുന്നു. ഇതിലും വിശദമായ അന്വേഷണം നടക്കുകയാണ്.