‘ആദം നീ എവിടെ ആകുന്നു?’; വി.ഡി സതീശൻ്റെ ബൈബിള്‍ പ്രഭാഷണ പുസ്തകം നാളെ പുറത്തിറങ്ങും

തിരുവനന്തപുരം: കൊണ്ട് പിടിച്ച മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍.

‘ആദം നീ എവിടെ ആകുന്നു?’ എന്ന വി ഡി സതീശന്‍റ പുസ്തകം ഡി സി ബുക്സ് ആണ് പുറത്തിറക്കുന്നത്. നാളെ മുതല്‍ പുസ്തകം വില്‍പ്പനയ്‌ക്കെത്തും.

ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്. ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു.

കേരള രാഷ്ട്രിയത്തിലെ നേതാക്കളില്‍ ആത്മീയ കാഴ്ചപ്പാടില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നേതാവാണ് വി ഡി സതീശന്‍.അത്തരത്തില്‍ ക്രൈസ്തവ ചിന്ത സംഘടിപ്പിച്ചിട്ടുള്ള ആത്മീയ പ്രോഗ്രാമുകളില്‍ മുഖ്യ സന്ദേശകനായി അദേഹം പങ്കെടുത്തിട്ടുണ്ടെന്നുള്ളതും ഓര്‍ക്കുന്നു.

ജാതിമത ചിന്തകള്‍ക്കപ്പുറം നാനാമതസ്ഥരും ഉള്‍ക്കൊള്ളുന്ന പൊതു സമൂഹത്തിനോട് ചേര്‍ന്ന് നില്‍ക്കുകയെന്ന പൊതു വീക്ഷണം ഉള്ള നേതാവാണ് സതീശൻ. മത ഗ്രന്ഥങ്ങളിലെ അദ്ദേഹത്തിന്‍റ അറിവ് അപാരമാണ്.

മുഖ്യ മന്ത്രി ആരെന്ന ചോദ്യത്തിനുള്ള കൂട്ടലുകളും കിഴിക്കലും തകൃതിയായി നടക്കുന്ന ഈ അവസാന ലാപ്പില്‍ ആത്മീയ കാഴ്ചപ്പാടിന്‍റ പുസ്തകം നാളെ പുറത്തിറങ്ങുകയെന്നതും ശ്രദ്ധേയമാണ്‌.

ഇതിനിടയില്‍ വി ഡി സതീശന്‍ മുഖ്യമന്തിയാകണമെന്നാവശ്യപ്പെട്ട് ഫ്ളെക്സുകളുടെയും പ്രകടനങ്ങളുടെയും കാഴ്ച നിരവധിയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഇപ്പോഴും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിച്ചു.