
കെ.എൻ റസ്സൽ
ചീഫ് എഡിറ്റർ
തൂണും ചാരിനിന്നവൻ പെണ്ണിനെയും കൊണ്ടുപോകരുത്. വേണുഗോപാലിന് കേരളത്തിലെന്ത് കാര്യം. മുഖ്യമന്ത്രിയായി ഡൽഹിയിൽ നിന്ന് ആരെയും കെട്ടിയിറക്കരുത്. 5 വർഷം കൊണ്ട് കേരളത്തിലെ കോൺഗ്രസിനെ വിജയത്തിൻ്റെ നെറുകയിൽ എത്തിച്ചത് സതീശൻ തന്നെയാണ്.
പാർട്ടിയിൽ കഴിവുള്ളവർ ധാരാളമുണ്ട്. എന്നാൽ പട നയിക്കാൻ ഒരാൾ വേണം. അയാൾ ഉറച്ച നിലപാടുകൾ ഉള്ള ആളായിരിക്കണം. സത്യസന്ധനായിരിക്കണം. നീതിബോധമുള്ളയാളാകണം. കപട മതമേലദ്ധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങാത്ത ആളാകണം. ശക്തമായ മതേതര വീക്ഷണമുള്ളയാളാകണം. ദയാലുവായിരിക്കണം. ബൗദ്ധികനായിരിക്കണം. വ്യക്തിത്വമുള്ളയാളാകണം. ഇങ്ങനെയുള്ള നേതാക്കൾ ഇന്ന് പാർട്ടികളിൽ വിരളമാണ്. എന്നാൽ വി.ഡി സതീശൻ മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ള ആളാണ്.
പാർലമെൻ്റ് ഇലക്ഷനിൽ യു.ഡി. എഫ് തൂത്തുവാരിയത് സതീശൻ പ്രതിപക്ഷ നേതാവായി വന്നതിന് ശേഷം വന്ന മറ്റത്തിൻ്റെ പ്രതിഫലനമാണ്. ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തൂത്തു വാരി. പഞ്ചായത്ത് തെരത്തെടുപ്പിൽ എൽ. ഡി. എഫിനെ മൂലക്കിരുത്തി. ഇപ്പോൾ അസംബ്ളി ഇലക്ഷനിൽ 102 സീറ്റ് വെട്ടിപ്പിടിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞ മന്ത്രിമാരെല്ലാം തോറ്റു. സതീശൻ പറഞ്ഞതെല്ലാം പ്രവചനം പോലെ നിറവേറി എന്നതാണ് സത്യം. (മാർച്ച് 17 ന് ക്രൈസ്തവചിന്ത യുടെ യുട്യുബ് ചാനലായ cc vision ൽ ഞങ്ങളും 101 സീറ്റ് പ്രവചിച്ചിരുന്നു )
മുഖ്യമന്ത്രിയായി വേണുഗോപാലിനെ കേരളത്തിലെ ജനങ്ങൾ കാൽ കുത്താൻ അനുവദിക്കുമെന്ന് തോന്നുന്നില്ല. വി.ഡി സതീശൻ തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയാകേണ്ടത്. തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ കെ. സുധാകരനും കൂട്ടരും ഒരു ശവപ്പെട്ടിയും കുറെ ആണികളും കരുതിക്കോളൂ. അവസാനത്തെ ആണി സുധാകരനെക്കൊണ്ട് അടിപ്പിക്കാം.



