പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
അഹരോൻ്റെ വടി ഒരു രാത്രി കൊണ്ട് തളിർത്തതുപോലെ സഭയെന്ന പേരിൽ പുതിയത് പലതും ജന്മം എടുക്കുകയാണ്. തട്ടിക്കൂട്ടി ബോർഡ് വെച്ച് പെന്തക്കോസ്ത് എന്ന് പറയുമ്പോൾ പിന്നിലുള്ള യാഥാർത്ഥ്യം തിരിച്ചറിയണം. ഇവർക്ക് ശതമാനം മാത്രം മതി ശരിയായുള്ള മാനസാന്തരം ജനം പ്രാപിക്കണമെന്ന് ആഗ്രഹമില്ല. ഈ പിറന്ന് വീഴുന്നത് എല്ലാം യഥാർത്ഥ പെന്തക്കോസ്ത് എന്ന് ചിന്തിക്കുന്നത് ശുദ്ധ അബദ്ധമത്രേ.
ദൈവത്തിൻ്റെ വചനവും സത്യ സുവിശേഷവുമായി പുല ബന്ധം പോലും ഇല്ലാതെ തട്ടിക്കൂട്ടുന്ന പ്രസ്ഥാനങ്ങൾ പലതും ഉടായിപ്പ് കേന്ദ്രങ്ങളുടെ തലസ്ഥാനം എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇവരുടെ പാസ്റ്റർ പട്ടം കെട്ടിയ മഹാരഥന്മാർ പലരും സ്വയം പാസ്റ്റർ പദവി ഏറ്റെടുത്തവരാണ്. എവിടെയെങ്കിലും അഗീകൃത വേദ പഠനശാലകളിൽ ഇവർ പഠിച്ചിട്ടുള്ളതായി അറിയില്ല.
ഗുരു ശിഷ്യ ബന്ധം ഒട്ടുമേയില്ല. എവിടുന്നെങ്കിലും കിട്ടിയ പൊട്ടൻ വെളിപ്പാടുകളും ആയി ജനങ്ങളെ ഇളക്കി മറിച്ച് പോക്കറ്റുകൾ നിറയ്ക്കുന്ന അഭിനയ കഥാപാത്രങ്ങൾ അത്ര ഇവർ. ഇവരിൽ പലരുടെയും തലതൊട്ടപ്പന്മാർ ഉസിയാവും ഇവരെ നിയന്ത്രിക്കുന്നത് ഗേഹസി പരിവാരവും. ഇവരുടെ ഏകയാഗ്രഹം എണ്ണം കൂട്ടണം കേവലം നമ്പരുകളിൽ ഇവർ സായൂജ്യമടയുന്നു.
പുതിയ നിയമത്തിൽ സഭകൾ എണ്ണത്തിൽ പെരുകിയപ്പോൾ അവർ അഗ്നി നാവുള്ളവരും അഗ്നിക്കഷണങ്ങളുമായി മാറി. പരിശുദ്ധാത്മാവ് സഭയ്ക്ക് ആലോചനകൾ കൊടുത്ത് സഭയെ നിയന്ത്രിച്ചിരുന്നു. (പ്രവർത്തി 13)
പണവും പദവിയും പട്ടും പുതിയനിയമ സഭയിൽ ഇല്ലായിരുന്നു. വിശ്വസിച്ചവരുടെ കൂട്ടം ഏക മനസ്സും ഏക ഹൃദയവും ഉള്ളവരായിരുന്നു. ഇന്നയുടെ ദിനങ്ങളിൽ ഇവിടെ നാം പരാജയപ്പെട്ടു.ആട്ടും തോലണിഞ്ഞ കള്ള പ്രവാചകന്മാരും കള്ള ഇടയൻമാരും പുൾപിറ്റുകൾ കയ്യടക്കിയപ്പോൾ എണ്ണം കൂടി എണ്ണ കുറഞ്ഞു. എണ്ണിയാൽ തീരാത്ത നൻമകളുടെ പുറകെ ഓടുവാൻ ഒട്ടം തുടങ്ങിയപ്പോൾ വണ്ണം കൂടി. വചനം ഹൃദയത്തിലും വായിലും ഇല്ലാതായി.
എണ്ണയുടെ ഒഴുക്ക് കുറഞ്ഞപ്പോൾ തനിമയും മേന്മയും നഷ്ടപ്പെട്ടു. വഴിത്ത ലയ്ക്കൽ തല ഉയർത്തി തഴച്ചു നിൽക്കുന്ന അത്തി പോലെ ആരെയും ആകർഷിക്കുന്ന പൊക്കവും വണ്ണവും ഉണ്ട്. വർണ്ണ ശമ്പളമായ ഫ്ലക്സുകൾ, റീലുകൾ കെങ്കേമം.സോഷ്യൽ മീഡിയ പരസ്യങ്ങൾ അടിപൊളി . അടുത്ത് വരുമ്പോൾ വെറും ശൂന്യത. ഇലകൾ മാത്രമുള്ള പാഴ് മരങ്ങൾ. അങ്ങനെ പെന്തക്കോസ്തിലും പാഴ്‌മരങ്ങളുടെ എണ്ണം വർദ്ധിച്ചു. യേശുവിൻ്റെ കണ്ണുകൾ തിരയുന്നത് വരം അല്ല ഫലമത്രേ. ഫറവോൻ്റെ കൊട്ടാരത്തിലെ മന്ത്രവാദികൾക്ക് ഒരു ഫലമില്ലങ്കിലും വരം ഉണ്ട്. ഈ പൊള്ളയായ ജീവിതങ്ങൾ മുഴങ്ങുന്ന ചെമ്പിന് തുല്യമത്രേ. ഇക്കൂട്ടർക്ക് സുവിശേഷം വെറുമൊരു കലാപരിപാടി മാത്രം.
അനുകരണങ്ങളും അഭിനയ വീരന്മാരും അരങ്ങു തകർക്കുവാൻ തുടങ്ങിയപ്പോൾ അനുതപിക്കുന്നവരുടെയും ആരാധിക്കുന്നവരുടെയും എണ്ണം കുറയുവാൻ തുടങ്ങി. അഭിഷേകത്തിൻ്റെ ശക്തി കുറഞ്ഞപ്പോൾ ആത്മാവ് നഷ്ടപ്പെട്ട ശിംശോൻമാർ തല ഉയർത്തുന്നു. സ്റ്റേജുകൾ കയ്യടക്കുന്നു. കൈകൊട്ടി പാടുന്നവർ എല്ലാം പെന്തക്കോസ്ത്അല്ല. എന്തെങ്കിലുമൊക്കെ ചുമ്മാ വിളിച്ചു പറയുന്നവരും പറയിപ്പിക്കുന്നവരും പെന്തക്കോസ്ത് വേഷം കെട്ടിയ കപട സന്യാസികൾ അത്രേ. ആർക്കും പിടികൊടുക്കാത്ത ഈ ദേമാസുമാർ സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചു മോഹന വാഗ്ദാനങ്ങൾ തുരു തുരാ വാരിയെറിഞ്ഞ് ശതമാനം പിടിച്ചു വാങ്ങി ധനികരുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്നു.
ജീവിത വിശുദ്ധിയെ കുറിച്ചും വേർപാടിനെ കുറിച്ചും ഇവർ പറയാറില്ല തികച്ചും ഭോഷ്കിൻ്റെ ആത്മാവിൽ കള്ള പ്രവചനങ്ങൾ തൊടുത്ത് വിട്ട് എണ്ണം കൂട്ടുന്ന ഇവർ എന്നും സത്യ സുവിശേഷത്തിന് ലജ്ജയാണ്. എണ്ണയുടെ ഒഴുക്ക് കുറഞ്ഞപ്പോൾ എണ്ണം കൂടി.മുതലാളിത്തവും പ്രമാണിത്തവും അരങ്ങേറ്റം കുറിച്ചു. ഇത് തിരിച്ചറിയുന്നവർ മേന്മയും ഗുണവുമില്ലാത്ത ഇവരെ അംഗീകരിക്കരുത് അകറ്റി നിർത്തൂ.



