തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനായ ശ്രീകുട്ടനാണ് മരിച്ചത്. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാനായ അമൽ ഇരിങ്ങാലക്കുട ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസവും ആന വിരണ്ടിരുന്നു. തുടർന്ന് ക്ഷേത്രവളപ്പിൽ തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പാപ്പാൻമാർ ആനയെ നോക്കാൻ എത്തിയപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്. തുമ്പിക്കൈ കൊണ്ട് പാപ്പാന്മാരെ എറിഞ്ഞിട്ടു. തുടർന്ന് രണ്ടാം പാപ്പനായ ശ്രീകുട്ടന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ എത്തിച്ച വാഹനത്തിന്റെ ലോറി ഡ്രൈവറാണ് മരിച്ചത്. ചങ്ങല പൊട്ടിച്ച് ഓടിയ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പത്തനംതിട്ട സ്വദേശിയായ വിഷ്ണുവിന് ചവിട്ടേറ്റത്. മണിക്കൂറുകൾ പരിഭ്രാന്തി പരത്തിയ ആനയെ മയക്കുവെടിവച്ച ശേഷമാണ് നിയന്ത്രിക്കാനായത്.



