പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു.പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. കഴിഞ്ഞ ഒക്‌ടോബറില്‍ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗിൽ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഭാര്യ: ഡോ. മിനി കാപ്പൻ.മൂന്ന് മക്കളുണ്ട്.

പാലാ ഇടമറ്റം കാപ്പിൽ കുടുംബത്തിൽ പരേതരായ കെ.സി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി ജനിച്ച ഡിജോ, സ്കൂൾ കാലഘട്ടത്തിൽ കേരള വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായും താൻ പഠിച്ച മൂന്ന് കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായ അദ്ദേഹം പിന്നീട് സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലും സെനറ്റിലും അംഗമായി പ്രവർത്തിച്ചു

വൈദ്യുത നിരക്ക് വർധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഭീഷണി, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, പൊതുനിരത്തിലെ പരസ്യ ബോർഡുകൾ, റെയിൽവേ നിരക്ക് വർധന തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ സാധ്യമാക്കിയത് ഡിജോ കാപ്പന്റെ ഹർജികളായിരുന്നു. ഉപഭോക്തൃ-കർഷക അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1988-ൽ അദ്ദേഹം സ്ഥാപിച്ച ‘സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ’ എന്ന സംഘടനയുടെ ട്രസ്റ്റി എന്ന നിലയിലാണ് ഈ നിയമപോരാട്ടങ്ങളെല്ലാം നടത്തിയത്.