വിശ്വാസവും വിവേകവും

നൈജില്‍ വര്‍ഗ്ഗീസ്‌ തറയില്‍
എറണാകുളം

വിശ്വാസ സമൂഹത്തിനിടയില്‍ കാലങ്ങളായി നില്ക്കുന്ന വലിയൊരു ചര്‍ച്ചാവിഷയമാണ് മനഃശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ബന്ധം.

മാനസിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത് വിശ്വാസക്കുറവ് കൊണ്ടാണെന്നും പ്രാര്‍ത്ഥന മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നുമുള്ള തെറ്റായ ധാരണ ഇന്നും പലര്‍ക്കുമിടയിലുണ്ട്‌. ഈ ഒരു ‘ശീതസമരം’ പലപ്പോഴും രോഗബാധിതരായ വ്യക്തികളെ കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ എന്നാണ് വസ്തവം.

നമ്മുടെ നാട്ടിലെ ഒരു രീതി നോക്കൂ – വയറിന്‌ അസുഖം വന്നാല്‍ അത് ഭക്ഷണം ശരിയല്ലാത്തതുകൊണ്ട്, പക്ഷേ മനസ്സിന് അസുഖം വന്നാല്‍ അത് വിശ്വാസം ശരിയല്ലാത്തതുകൊണ്ട്! ഈ ഇരട്ടത്താപ്പിനെക്കുറിച്ച് ഒന്ന് ഗൗരവമായി ചിന്തിക്കാം.

വൈദ്യശാസ്ത്രം ദൈവഹിതത്തിന് വിരുദ്ധമോ?

കൈ ഒടിഞ്ഞാല്‍ നമ്മള്‍ നേരെ പോകുന്നത് ഡോക്ടറുടെ അടുക്കലാണ്. അവിടെ ചെന്ന് ‘എനിക്ക് വിശ്വാസം കുറവായതുകൊണ്ടാണോ ഈ എല്ല് ഒടിഞ്ഞത്?’ എന്ന് ആരും ചോദിക്കില്ല. എന്നാല്‍ സാരമായ വിഷാദമോ (Depression) ഉത്കണ്ഠയോ (Anxiety) വരുമ്പോള്‍ മാത്രം നമ്മള്‍ എന്തിനാണ് ആത്മീയമായ കുറവുകളെ തിരയുന്നത്?

ശാസ്ത്രം എന്നത് മനുഷ്യന് ദൈവം നല്‍കിയ അറിവിന്റെ ഭാഗമാണ്. ബൈബിളിലെ പുതിയ നിയമത്തില്‍ ലൂക്കോസിനെ ‘പ്രിയ വൈദ്യന്‍’ (കൊലോസ്യര്‍ 4:14) എന്നാണ് വിശേഷിപ്പിക്കുന്നത്. തലച്ചോറിലെ രാസവിരുദ്ധതകള്‍ (Chemical Imbalance) മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേവലം വിശ്വാസത്തിന്റെ പ്രശ്‌നമല്ല, അത് വെറും കെമിസ്ട്രിയാണ്. ശരീരം ദൈവാലയമാണെങ്കില്‍, ആ ആലയത്തിന്റെ സ്വിച്ച് ബോര്‍ഡാണ് മസ്തിഷ്‌കം. സ്വിച്ച് ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ അത് ഇലക്ട്രിഷ്യനെ (മനഃശാസ്ത്രജ്ഞനെ) കാണിക്കണം, അല്ലാതെ വെളിച്ചമില്ലെന്ന് പറഞ്ഞത് മെഴുകുതിരി മാത്രം കത്തിച്ചിട്ട് കാര്യമില്ല.

കൗണ്‍സിലിംഗ്: പശ്ചാത്താപമല്ല, പരിഹാരമാണ്

പലരും വിചാരിക്കുന്നത കൗണ്‍സിലിംഗ് എന്നാല്‍ കുമ്പസാരക്കൂടു പോലെ എന്തോ ഒന്നാണെന്നാണ്. എന്നാല്‍ കൗണ്‍സിലിംഗ് എന്നത് ഒരു വ്യക്തിയുടെ ചിന്താഗതിയിലെ ‘വൈറസുകളെ’ നീക്കം ചെയ്യുന്ന പ്രോസസറാണ്. നമ്മുടെ ചിന്താരീതികളെ (Thought patterns) ശാസ്ത്രീയമായി ക്രമീകരിക്കാനും വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കാനും കയണ്‍സിലിംഗ് നമ്മെ സഹായിക്കുന്നു. സഭയിലെ ശുശ്രൂഷകര്‍ക്ക് ആത്മീയമായ ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും, എല്ലാവരും മനഃശാസ്ത്രപരമായ കയണ്‍ണ്‍സിലിംഗില്‍ പരിശീലനം ലഭിച്ചവരാകണമെന്നില്ല. ഇത് കാര്‍ മെക്കാനിക്കിനെ കാണിക്കേണ്ട സ്ഥാനത്ത് പെയിന്ററെ കാണിക്കുന്നത് പോലെയാണ്. രണ്ടുപേരും കാറിന് നല്ലതാണ്, പക്ഷേ പണി അറിയുന്നവന്‍ തന്നെ ചെയ്യണം!

‘ദുരാത്മാവ്’ എന്ന ഈസി എസ്‌കേപ്പ്

മനഃശാസ്ത്രപരമായ പ്രശ്നങ്ങളെ പെട്ടെന്ന് ‘ദുരാത്മബാധ’ എന്ന് മുദ്രകുത്തുന്നത് പലര്‍ക്കും ഒരു വലിയ എളുപ്പവഴിയാണ്. കാരണം, അതൊരു രോഗമാണെന്ന് സമ്മതിച്ചാല്‍ കൃത്യമായ ചികിത്സ നല്‍കണം, കൂട്ടിരിക്കണം, വലിയ ക്ഷമയോടെ പരിചരിക്കണം. എന്നാല്‍ അതൊരു ‘ബാധ’ ആണെന്ന് പറഞ്ഞാല്‍ കുറച്ച് ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഉത്തരവാദിത്തങ്ങളില്‍ നിന്ന് വളരെ വേഗം കൈകഴുകാം.

ഈ ലേബലിങ് മൂലം രോഗി അനുഭവിക്കുന്ന അവസ്ഥ ദയനീയമാണ്. ‘എന്റെ ഉളളില്‍ പിശാചാണോ?’ എന്ന ഭയവും കുറ്റബോധവും ഒരുവനെ മാനസികമായി തകര്‍ക്കുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യാം. പാനിക് അറ്റാക്ക് (Panic Attack) വന്ന് ശ്വാസം മൂട്ടുന്നവനോട് ‘വിശ്വാസം കുറഞ്ഞതുകൊണ്ടാണ്’ എന്ന് പറയുന്നത്, മുങ്ങിത്താഴുന്നവനോട് ‘നീന്തല്‍ പഠിച്ചിട്ട് വരാമായിരുന്നു’ എന്ന് പറഞ്ഞ് കളിയാക്കുന്നതുപോലെ ക്രൂരമാണ്.

ആത്മീയതയും ചികിത്സയും: ഒരു സമഗ്ര സമീപനം.

പ്രാര്‍ത്ഥന ഒരു വലിയ ‘സപ്പോര്‍ട്ട് സിസ്റ്റം’ ആണ്. അത് മനസ്സിന് പ്രത്യാശയും സമാധാനവും നല്‍കുന്നു. എന്നാല്‍ പ്രാര്‍ത്ഥന ചികിത്സയ്ക്ക് പകരമല്ല, മറിച്ച് ചികിത്സയെ വേഗത്തിലാക്കുന്ന ഇന്ധനമാണ്. ദൈവം നമുക്ക് ബുദ്ധിയും വിവേകവും നല്‍കിയത് അത് ലോക്കറില്‍ വെച്ച് പൂട്ടാനല്ല, മറിച്ച് ശരിയായ സമയത്ത് ശരിയായ രീതിയില്‍ ഉപയോഗിക്കാനാണ്.

വചനം നല്‍കുന്ന പ്രത്യാശയും മനഃശാസ്ത്രം നല്‍കുന്ന പ്രായോഗിക പരിഹാരങ്ങളും ഒന്നുചേരുമ്പോള്‍ മാത്രമേ ഒരു വ്യക്തിക്ക് പൂര്‍ണ്ണമായ സഖ്യം ലഭിക്കുകയുള്ളൂ. ചികിത്സ തേടുന്നത് ദൈവത്തിലുള്ള വിശ്വാസം കുറവായതുകൊണ്ടല്ല, മറിച്ച് ദൈവം മനുഷ്യന് നല്‍കിയ അറിവിനെ നന്ദിയോടെ സ്വീകരിക്കുന്നത് കൊണ്ടാണ്.

ഈ ശീതസമരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനഃശാസ്ത്രത്തെയും അതിന്റെ ചികിത്സാരീതികളെയും ഭയപ്പെടേണ്ടതില്ല. അത്‌ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ പരിപാലിക്കാന്‍ നൽകപ്പെട്ട അറിവാണ്‌.

“സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന തിരുവചനം പോലെ, ശാസ്ത്രീയമായ അറിവുകളെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ മാനസികാരോഗ്യം സംരക്ഷിക്കാന്‍ നാം
തയ്യാറാകണം. മനസ്സിന്റെ സഖ്യത്തിനായി ശാസ്ത്രത്തെയും ആത്മീയതയെയും സന്തുലിതമായി കൊണ്ടുപോകുന്നതാണ്‌ ഉചിതം.