19300 രൂപ എടുക്കാൻ അക്കൗണ്ട് ഉടമയെ കൊണ്ടുവരൂ എന്ന് ബാങ്ക്; സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരൻ

ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയെ കൊണ്ടുവരാനുള്ള നിർദേശത്തെ തുടർന്ന് സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരൻ.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ആദിവാസിയായ വ്യക്തിയാണ് മരിച്ചുപോയ തന്റെ സഹോദരിയുടെ അസ്ഥികൂടം ബാങ്കിലേക്ക് കൊണ്ടുവന്ന് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചതെന്ന് പോലീസ്.

പടാന ബ്ലോക്കിലെ ഒഡീഷ ഗ്രാമീണ്‍ ബാങ്കിന്റെ മാലിപോസി ശാഖയിലാണ് സംഭവം. 2026 ജനുവരി 26ന് മരിച്ച തന്റെ മൂത്ത സഹോദരി കല്‍റ മുണ്ടയുടെ (56) അക്കൗണ്ടില്‍ നിന്ന് 20,000 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീതു മുണ്ട (50) എന്നയാള്‍ പിടിയിലായത്.

“ഞാൻ പലതവണ ബാങ്കിലേക്ക് പോയി. അവിടെയുള്ള ആളുകള്‍ അക്കൗണ്ട് ഉടമയെ കൊണ്ടുവന്ന് അവളുടെ പേരില്‍ നിക്ഷേപിച്ച പണം പിൻവലിക്കാൻ പറഞ്ഞു. അവള്‍ മരിച്ചുവെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ എന്റെ വാക്ക് കേട്ടില്ല. അവളെ ബാങ്കിലേക്ക് കൊണ്ടുവരാൻ നിർബന്ധിച്ചു. നിരാശ കാരണം, ഞാൻ കുഴിമാടം കുഴിച്ച്‌ അവളുടെ മരണത്തിന്റെ തെളിവായി അസ്ഥികൂടം പുറത്തെടുത്തു,” നിരക്ഷരനായ ജീതു മുണ്ട മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ജീതു നിരക്ഷരനായ ആദിവാസി വ്യക്തിയാണ്. നിയമപരമായ അവകാശി ആരാണെന്ന് അയാള്‍ക്ക് അറിയില്ല. മരിച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു” എന്ന് പടാന പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് (ഐഐസി) കിരണ്‍ പ്രസാദ് സാഹു പറഞ്ഞു.

സംഭവത്തിന് ശേഷം, മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുക്കുമെന്ന് ജീതു മുണ്ടയ്ക്ക് പോലീസ് ഉറപ്പ് നല്‍കി. പിന്നീട്, പോലീസിന്റെ സാന്നിധ്യത്തില്‍ അസ്ഥികൂടം വീണ്ടും ശ്മശാനത്തില്‍ സംസ്കരിച്ചു.

അതേസമയം, കല്‍റ മുണ്ടയുടെ നിയമപരമായ അവകാശി എന്ന പേരില്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പ്രാദേശിക ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) മനസ് ദണ്ഡ്പത് പറഞ്ഞു. “ഇന്നാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. പ്രശ്നം പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാം,” ബിഡിഒ പറഞ്ഞു.

അതേസമയം, കല്‍റ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലെ നോമിനിയും മരിച്ചുപോയതായി ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍, അവരുടെ പേരില്‍ നിക്ഷേപിച്ച പണത്തിന് അവകാശവാദമുന്നയിച്ചത് ജീതു മുണ്ട മാത്രമായിരുന്നു.

നിയമങ്ങള്‍ അനുസരിച്ച്‌ ഏക അവകാശവാദിയായ ജീതു മുണ്ടയ്ക്ക് എത്രയും വേഗം പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടം ബാങ്ക് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.