കരിങ്കൊടി പ്രതിഷേധത്തിനിടെ ആയുധം കൊണ്ട് ആക്രമിച്ചില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയില്‍വെ സ്റ്റേഷനിലുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് റെയില്‍വെ പൊലീസിന് മൊഴി നല്‍കി.

ആയുധം ഉപയോഗിച്ച്‌ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതി ഇതോടെ പൊളിഞ്ഞു. റെയില്‍വേ പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തില്‍ കെ.എസ്.യുക്കാരായ അഞ്ച് പ്രതികളെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിയുംവരെ മൊഴി നല്‍കാതിരുന്ന മന്ത്രി സംഭവം നടന്ന് രണ്ടുമാസം പൂർത്തിയാകുമ്പോഴാണ് വിശദമായ മൊഴി നല്‍കിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തില്‍ ആ വകുപ്പ് ഒഴിവാക്കിയാവും റെയില്‍വേ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുക.

ഫെബ്രുവരി 25ന് ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന വിവാദമാക്കി മാറ്റിയത്. കരിങ്കൊടി കാണിക്കുന്നതിനിടെ രണ്ട് മിനിട്ടോളം ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഉന്തും തള്ളും ബഹളവുമുണ്ടായി. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് രാത്രി ഒമ്പതോടെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വന്തം കാറില്‍ മന്ത്രി നാട്ടിലേക്ക് പോവുകയും ചെയ്തു.