
ജൂലൈ 23 മുതൽ 26 വരെ ഹൂസ്റ്റണിലെ വെസ്റ്റ് ചെയ്‌സ് മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന അസ്സംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കോൺഫെറെൻസിൽ സഭയുടെ സീനിയർ പാസ്റ്റർമാരോടൊപ്പം ഇന്ന് ലോകമെമ്പാടും ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വേദപ്രഭാഷകരായ റവ. ജോ തോമസ് ഏബ്രഹാം, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരൂപ് അൽഫോൻസ്, റവ. കിപ്ലിൻ ബാച്ച്ലർ, സിസ്റ്റർ ആഷ്‌ലി പ്രത്യാഷ് എന്നിവരും വിശ്വാസികളെ അഭിസംബോധനചെയ്യും.

ഒരു ദശാബ്ദത്തിലേറെയായി ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന റവ. ജോ തോമസ് കാലികമായ ദർശനത്തോടും ആഴമായ ആത്മീക ഉൾക്കാഴ്ചയോടും വചനം പങ്കുവയ്‌ക്കുന്ന അനുഗ്രഹീത പ്രഭാഷകനാണ്.

അറിയപ്പെട്ട വാഗ്മിയും സംഗീതജ്ഞനുമായ റവ. സണ്ണി പ്രസാദ് സൗത്ത് ഇന്ത്യാ അസ്സംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്‌ട്രിക്‌ട് കൌൺസിൽ യൂത്ത് ആൻഡ് വർഷിപ് മിനിസ്ട്രി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. വർഷിപ് ടീമുകൾക്ക് വേണ്ടി പ്രത്യേകം സെമിനാറുകളും വർക്ഷോപ്പുകളൂം നടത്തുന്ന അദ്ദേഹത്തിൽനിന്നും ദൈവീക ആരാധനയെയും ആരാധനാ സംഗീതത്തെപ്പറ്റിയും പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുമെന്നുറപ്പാണ്.
കൊളോറാഡോയിലെ ഡെൻവറിൽ ‘ലൈഫ് ഗേറ്റ്’ എന്ന മൾട്ടിഎത്നിക് ചർച്ചിന്റെ സ്ഥാപക പാസ്റ്ററാണ് നിരൂപ് അൽഫോൻസ്. സിംഗപ്പൂരിൽ മിഷനറി മാതാപിതാക്കളുടെ മകനായി ജനിച്ചു, ഇന്ത്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഡെൻവറിൽ സഭാപ്രവർത്തിനിറങ്ങുന്നത്. അതിവേഗം വളരുന്ന ഈ സഭക്ക് നേതൃത്വം നൽകുന്നതോടൊപ്പം കോളേജ് ക്യാമ്പസുകളിലും, ബിസിനസ്സ് മീറ്റിംഗുകളിലും, കോൺഫറെൻസുകളിലും പ്രഭാഷണങ്ങൾ നടത്തുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു.
ഡാളസിലെ ക്രൈസ്റ്റ് ഫോർ നേഷൻസിൽ സീനിയർ സ്റ്റാഫ് അംഗവും CFN നെറ്റ്വർക്കിന്റെ ലൈസെൻസ്‌ഡ് മിനിസ്റ്ററുമായ കിപ്ലിൻ ബാച്‌ലർ ആഗോള വ്യാപകമായി സെമിനാറുകളിലും കോണ്ഫറന്സുകളിലും ശിശ്രൂഷിക്കുന്ന പ്രഭാഷകനാണ്. എഴുത്തുകാരനും ഗാനരചയിതാവും വർഷിപ് ലീഡറുമായ അദ്ദേഹം വേദശാസ്ത്രത്തോടൊപ്പം നിയമത്തിലും മാനേജ്മെന്റിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. യുവജനങ്ങളുമായി സംവദിക്കുവാൻ തികച്ചും അനുയോജ്യനായ വ്യക്തി.
ക്രിസ്ത്യൻ കൗൺസിലിങ്ങിൽ ഗവേഷണ ബിരുദമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആഷ്‌ലി പ്രത്യാഷ് അനേക രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ഓർഡേൻഡ് മിനിസ്റ്റർ കൂടിയാണ്. ഒരു പ്രാർത്ഥനാപോരാളിയായ ആഷ്‌ലി തൻറെ ഭർത്താവിനോടൊപ്പം ‘ഹോപ്പ് ടു ദി നേഷൻസ് ഇന്റർനാഷണൽ’ എന്ന പ്രവർത്തനത്തിൽ പങ്കാളിയായി പ്രവാചക-വിടുതൽ ശുശ്രൂഷകൾ നടത്തിക്കൊണ്ടിരിക്കുന്നു. എറൈസ് ചർച്ചിന്റെ പ്രാർത്ഥനാവിഭാഗം ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.
വിലപ്പെട്ട ഈ ദൈവദാസരുടെ സാന്നിധ്യവും ശുശ്രൂഷകളും ആത്മാക്കളെ സ്പർശിക്കുകയും ആത്മീയവളർച്ചയിൽ പ്രചോദനമാകുമെന്നുമുറപ്പാണ്.
കൺവീനർ റവ. തോമസ് ഏബ്രഹാമിന്റെയും സെക്രട്ടറി ജോമോൻ ഗീവര്ഗീസിൻറെയും നേതൃത്വത്തിൽ കോൺഫെറെൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഡിസ്‌കൗണ്ട് റേറ്റിലുള്ള റെജിസ്ട്രേഷൻ മേയ് 2 വരെ നടത്താവുന്നതാണ്.



