ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം മൂന്ന് എംപിമാർ ബിജെപിയിലേക്ക്. രാജ്യസഭാ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാള്‍ കഴിഞ്ഞാല്‍ പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.അസംതൃപ്തരായ പാർട്ടി നേതാവ് സ്വാതി മാലിവാള്‍, ഹർഭജൻ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി രാജ്യസഭാ എംപിമാർ എഎപി വിട്ടതായി ചദ്ദ പറഞ്ഞു.
എഎപിയുടെ 10 രാജ്യസഭാ എംപിമാരില്‍ ഏഴ് പേർ പാർട്ടി വിട്ടതായി മൂവരും വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയില്‍ നിന്ന് ചില എംപിമാർ വിട്ടുനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയില്‍ പോവുകയാണെന്നും ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്‌മി ഉയർത്തിയിരുന്നു.
ജീവിതത്തിലെ 15 വർഷം ആം ആദ്‌മിക്കായി നല്‍കി. എന്നാല്‍, പാർട്ടി ഇപ്പോള്‍ സത്യസന്ധതയില്‍ നിന്ന് ഒരുപാട് അകന്നുപോയിരിക്കുന്നുവെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താനെന്നും, പാർട്ടിയില്‍ നിന്ന് മാറി ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും രാഘവ് പറഞ്ഞു.



