തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടം ഇന്ന് നടക്കുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോള്‍, 5.73 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വിജയ്, തുടങ്ങിയ പ്രമുഖർ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ തവണ 73.63% പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണയും ശക്തമായ ജനമുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമബംഗാളില്‍ വടക്കൻ ജില്ലകളിലുള്‍പ്പെടെയുള്ള 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ബിജെപി പ്രചാരണവും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് റാലികളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുൻകാലങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ സന്നാഹങ്ങളാണ് ബംഗാളില്‍ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.



