വാഷിങ്ടണ്‍: ഇറാനെതിരായ സാമ്ബത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യൻ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകള്‍ അമേരിക്കൻ സൈന്യം തടഞ്ഞു.
‘ഡീപ് സീ’, ‘ഡോറീന’, ‘സെവിൻ’ എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയുടെയുടെയും, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേർന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ വെച്ചാണ് ഈ എണ്ണക്കപ്പലുകള്‍ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ഈ കപ്പലുകള്‍ ശ്രമിച്ചെന്നാണ് യുഎസ് സൈന്യം കുറ്റപ്പെടുത്തുന്നത്. രണ്ട് കപ്പലുകളെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം ‘ഡോറീന’ എന്ന കപ്പല്‍ നിലവില്‍ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം ഇറാൻ തടഞ്ഞിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് വെടിനിർത്തല്‍ നീട്ടി അമേരിക്ക ചർച്ചയ്ക്ക് തയ്യാറെന്ന് പരോക്ഷ നിലപാടെടുത്തിരിക്കെ ഇറാൻ നിലപാട് കർശനമാക്കിയതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇതോടെയാണ് യുഎസ് സാമ്ബത്തിക ഉപരോധം ശക്തമാക്കി ഇറാനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്. ഈ പോര് ഹോർമുസും പേർഷ്യൻ ഗള്‍ഫ് കടലും പിന്നിട്ട് ഇന്ത്യൻ തീരത്തിന് സമീപത്തേക്കും എത്തുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.



