ഹോർമുസ് ഉപരോധം തുടരുന്നു; ഇറാൻ്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇറാനിയൻ നേതൃത്വം ഏകീകൃതമായ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതുവരെയും നിലവിലെ ചർച്ചകൾ പൂർത്തിയാകുന്നത് വരെയും വെടിനിർത്തൽ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ട്രംപ് അറിയിച്ചു.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് (Truth Social) ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവർ നേരിട്ട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് സൈനിക നടപടി താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘ഇറാൻ സർക്കാർ ആഭ്യന്തരമായി ഭിന്നിച്ചിരിക്കുകയാണ്. ഫീൽഡ് മാർഷൽ ആസിം മുനീർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ അഭ്യർത്ഥന പ്രകാരം, ഇറാനിയൻ നേതാക്കൾക്ക് ഒരു ഏകീകൃത നിർദ്ദേശവുമായി വരാൻ സമയം നൽകുന്നതിനായി ആക്രമണം തടഞ്ഞുവെക്കാൻ തീരുമാനിച്ചു. എന്നാൽ ഉപരോധം തുടരാൻ സൈന്യത്തിന് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്,’ ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, നിശ്ചയിച്ചിരുന്ന ഇസ്ലാമാബാദ് സന്ദർശനം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് റദ്ദാക്കി.