ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദന്പതികളെയും മകനെയും ഗ്രാമീണരുടെ നേതൃത്വത്തില്‍ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ച് അപമാനിച്ചു.
ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ഗാരവ്ഗഢി ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആഗ്രയില്‍ ജോലി ചെയ്തിരുന്ന ബല്‍റാം, ഭാര്യ റാണി ദേവി, മകൻ ലളിത് എന്നിവർ ഗ്രാമത്തില്‍ മടങ്ങിയെത്തിയപ്പോഴാണ് അതിക്രമം നേരിടേണ്ടിവന്നത്. ഗ്രാമീണരുടെ ആവശ്യപ്രകാരം സ്വന്തം പിതാവും സഹോദരനുമാണ് ബല്‍റാമിനെയും ഭാര്യയെയും ചെരുപ്പുമാല അണിയിച്ച് അപമാനിച്ചത്.
വിശ്വാസം മാറാൻ തയാറായില്ലെങ്കില്‍ ഗ്രാമത്തില്‍നിന്ന് പുറത്താക്കുമെന്നും സാമൂഹികബഹിഷ്കരണം ഏർപ്പെടുത്തുമെന്നും ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ കുടുംബം ഇതിനു വഴങ്ങാതിരുന്നതോടെ ഇവരെ ബലമായി ചെരുപ്പുമാല അണിയിച്ചു ഗ്രാമത്തിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സംഭവമറിഞ്ഞെത്തിയ മുർസാൻ പോലീസ് പ്രതികളായ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തോയെന്ന കാര്യത്തില്‍ പോലീസ് പ്രതികരണം നടത്താതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.



