ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണവുമായി ഇറാന്‍. ശനിയാഴ്ചയാണ് ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
യു.എസ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാന്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാന്‍ രംഗത്ത്. ട്രംപിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ്, ഇറാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ ഇറാന്‍ ഭരണകൂടം തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഇത് തള്ളിയ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് നുണകളാണ് പറഞ്ഞതെന്ന് പരിഹസിച്ചു. നുണകള്‍ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നും ചര്‍ച്ചകളില്‍ ഇത്തരം തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുനല്‍കിയെന്ന ട്രംപിന്റെ വാദവും ഇറാന്‍ നിഷേധിച്ചു. ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കില്ലെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ തുറമുഖങ്ങള്‍ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തിനും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകളില്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ നിരസിച്ചതായാണ് വിവരം. ട്രംപ് ഭരണകൂടം 20 വര്‍ഷത്തെ നിയന്ത്രണം ആവശ്യപ്പെട്ടപ്പോള്‍, 5 വര്‍ഷത്തേക്ക് മാത്രം പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാം എന്ന നിലപാടിലാണ് ഇറാന്‍.



