സ്കൂൾ വിദ്യാർത്ഥികളെ കൊല്ലാനായി തോക്കുമായെത്തി, കാലിൽ വെടിയേറ്റിട്ടും പ്രിൻസിപ്പാൾ കൊലയാളിയെ കീഴടക്കി; വീഡിയോ

ഒക്ലഹോമ: അമേരിക്കയിലെ സ്കൂളുകളില്‍ ആവർത്തിക്കുന്ന വെടിവെപ്പ് പരമ്പരകളില്‍ മറ്റൊന്നു കൂടി സംഭവിക്കുമായിരുന്ന ഒക്ലഹോമയില്‍, തന്റെ ജീവൻ പണയപ്പെടുത്തി അക്രമിയെ കീഴടക്കി പ്രിൻസിപ്പല്‍ ഹീറോയായി.

ഒക്ലഹോമയിലെ പോള്‍സ് വാലി ഹൈസ്കൂളില്‍ തോക്കുമായെത്തിയ അക്രമിയെ പ്രിൻസിപ്പല്‍ കിർക് മൂർ നേരിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലോകമെങ്ങും അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കറുത്ത ഹൂഡി ധരിച്ച്‌ തോക്കുമായി സ്കൂളിന്റെ ഇടനാഴിയിലൂടെ നീങ്ങിയ അക്രമിയെ കണ്ട പ്രിൻസിപ്പാള്‍ കിർക് മൂർ ഒട്ടും മടിക്കാതെ സെക്കൻഡുകള്‍ക്കുള്ളില്‍ ഇയാള്‍ക്ക് മേല്‍ ചാടിവീഴുകയായിരുന്നു. അക്രമിയുമായി മല്‍പിടുത്തം നടത്തിയ മൂർ, തന്റെ സർവ്വ ശക്തിയുമെടുത്ത് അയാളെ തറയില്‍ അമർത്തിയിട്ടു.

ഇതിനിടെ പ്രിൻസിപ്പാളിന്റെ കാലിന് വെടിയേറ്റെങ്കിലും അക്രമിയെ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. മല്‍പിടുത്തത്തിനിടെ താഴെ വീണ തോക്ക് ഉടൻ തന്നെ മറ്റൊരാള്‍ സുരക്ഷിതമായി മാറ്റി. വെടിയേറ്റ കിർക് മൂർ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. 20 കാരനായ വിക്ടർ ഹോക്കിൻസാണ് ആക്രമണത്തിനായി സ്കൂളിലെത്തിയത്. ഈ സ്കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ ഇയാള്‍ക്ക് ലോകത്തെ നടുക്കിയ ‘കൊളംബൈൻ വെടിവയ്പിന്’ സമാനമായ ക്രൂരത ആവർത്തിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.