കീവ്: ഈ വർഷം യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ റഷ്യൻ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 16 പേർ കൊല്ലപ്പെട്ടു.
തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തില്‍ നൂറോളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ജനവാസ മേഖലകളെ നടുക്കിയ ഈ വ്യോമാക്രമണം.
തലസ്ഥാന നഗരത്തില്‍ മാത്രം ഒരു 12 വയസ്സുകാരൻ ഉള്‍പ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ 18 നില കെട്ടിടത്തിന് മുകളിലേക്ക് ഡ്രോണ്‍ ഇടിച്ചു കയറുകയും പലയിടങ്ങളിലും വൻ തീപിടുത്തം ഉണ്ടാവുകയും ചെയ്തു. തെക്കൻ നഗരമായ ഒഡേസയില്‍ ഒൻപത് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടുത്തെ തുറമുഖങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദിനിപ്രോ നഗരത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പാർപ്പിട സമുച്ചയങ്ങള്‍ അഗ്നിക്കിരയായി. ഖാർക്കീവിലും ഡ്രോണ്‍ ആക്രമണത്തില്‍ ആളപായങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുക്രെയ്ൻ വ്യോമസേന 31 മിസൈലുകളും 636 ഡ്രോണുകളും വെടിവെച്ചിട്ടെങ്കിലും, ചില മിസൈലുകള്‍ പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചു. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാൻ പാടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. യുക്രെയ്നുള്ള സഹായം വൈകിപ്പിക്കുന്നത് അനെത്തിക്കല്‍ ആണെന്നും ലോകരാജ്യങ്ങള്‍ ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ ആവശ്യപ്പെട്ടു.



