വനിതാ സംവരണ ബില്ലിന് അവതരണാനുമതി; അനുകൂലിച്ച് 251 വോട്ടുകൾ, എതിർത്തത് 185 പേർ; ബില്ലിൽ വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. വനിതാ സംവരണത്തിനായി പഴയ സെൻസസിൻ്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താനുള്ള ബില്ലിനാണ് വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചത്. പ്രതിപക്ഷ ആവശ്യം പരിഗണിച്ചായിരുന്നു വോ‌ട്ടെടുപ്പ് 333 എംപിമാരിൽ 251 പേർ അനുകൂലമായും 185 പേർ എതിർത്തും വോട്ട് ചെയ്തു.

ശക്തമായ വാക്പോരിന് ശേഷമാണ് വോട്ടെടുപ്പ് ലോക്സഭയിൽ ന‌‌ടത്തിയത്. സഭയിൽ ബിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നീക്കമെന്നാപോപിച്ചാണ് ലോക്സഭയിൽ പ്രതിപക്ഷം ബില്ലിനെ എതിർത്തത്.

വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര തീരുമാനം സംശയാസ്പദമാണെന്നും ഫെഡറലിസം, സാമൂഹ്യനീതി എന്നിവയ്ക്കെതിരായ ബില്ലിനെ എതിർക്കുന്നെന്നും സിപിഎം ലോക്‌സഭാകക്ഷി നേതാവ്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു. ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് കെസി വേണുഗോപാൽ വിമര്‍ശിച്ചു. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു.

ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്. വോട്ടെടുപ്പിൽ അവതരണാനുമതി ലഭിച്ചതോടെ മൂന്ന് ബില്ലുകളും സഭയുടെ മേശപ്പുറത്ത് വച്ചു. മൂന്ന് ബില്ലിന്മേലും 12 മണിക്കൂർ ചർച്ചയാകാമെന്നും നാളെ വൈകിട്ട് നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർലയും പറഞ്ഞു.

ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്നും 850 ആക്കി ഉയർത്താനാണ്‌ 131ാം ഭരണഘടനാഭേദഗതി ബില്ലിലെ മുഖ്യശുപാർശ. ഭരണഘടനയുടെ 81ാം അനുച്ഛേദത്തിൽ മാറ്റങ്ങൾ വരുത്തി പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്ന്‌ 815 അംഗങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന്‌ 35 അംഗങ്ങളെയും തെരഞ്ഞെടുക്കും.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 82ാം അനുച്ഛേദത്തിലും വലിയ മാറ്റംവരുത്തും. 2026ന്‌ ശേഷമുള്ള ആദ്യ സെൻസസിൻ്റെ അടിസ്ഥാനത്തിൽ അടുത്ത മണ്ഡല പുനർനിർണയം നടത്തണം എന്ന വ്യവസ്ഥ പൂർണമായും ഒഴിവാക്കും. ഇതിലൂടെ 2026 സെൻസസ്‌ പൂർത്തിയാകുന്നതിന്‌ മുമ്പ് മണ്ഡലപുനർനിർണയം നടത്താൻ സാധിക്കും.