ഹോര്‍മുസ് കടലിടുക്കില്‍ പുതിയ കപ്പല്‍പാത; ഇറാൻ്റെ നിയന്ത്രണങ്ങള്‍ മറികടന്ന് ഇന്ത്യൻ കപ്പലടക്കം പുറത്തുകടന്നു

ദുബായ്: ആഗോള എണ്ണ-വാതക വിതരണത്തിന്റെ കേന്ദ്രബിന്ദുവായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും നിയന്ത്രണങ്ങളും മറികടക്കാന്‍ പുതിയ ചരക്കുനീക്ക പാത തെളിയുന്നു.

അന്താരാഷ്ട്ര സമുദ്രപരിധി ഒഴിവാക്കി ഒമാന്റെ പ്രാദേശിക കടല്‍ അതിര്‍ത്തിക്കുള്ളിലൂടെയുള്ള പാതയാണ് കപ്പലുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.പുതിയ പാത ഉപയോഗിച്ചവയില്‍ ‘എംഎസ്വി ഖുബ എംഎന്‍വി 2183’ എന്ന ഇന്ത്യന്‍ പതാക ഘടിപ്പിച്ച ചരക്ക് കപ്പലും ഉള്‍പ്പെടുന്നു.

മാര്‍ച്ച്‌ 31-ന് ദുബായില്‍ നിന്ന് യാത്ര തിരിച്ച ഈ കപ്പല്‍, ഒമാനിലെ ദിബ്ബ തുറമുഖത്തിന് 40 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ എത്തിയതായാണ് സിഗ്‌നലുകള്‍ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ ഇറാന്‍ തങ്ങളുടെ ആഭ്യന്തര കടല്‍ പരിധിയിലൂടെ ഒരു പ്രത്യേക പാത നിര്‍മ്മിക്കുകയും കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തു. റെവല്യൂഷണറി ഗാര്‍ഡ്‌സ് ഓരോ കപ്പലിനെയും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.

കപ്പലുകള്‍ വഹിക്കുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും ഒരു ഡോളര്‍ വീതം ഇറാന്‍ ടോള്‍ ഈടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ക്യുഷം ദ്വീപിലെ ഇറാന്റെ പ്രധാന നാവിക താവളത്തിന് നേരെ നടന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് അവിടെ വന്‍ തീപിടുത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തിലാണ് കപ്പലുകള്‍ സുരക്ഷിതമായ മറ്റ് പാതകള്‍ തേടുന്നത്. പുതിയ റൂട്ട് സജീവമാകുന്നതോടെ ആഗോള ചരക്കുനീക്കത്തിന് മേലുള്ള സമ്മര്‍ദ്ദം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു