പശ്ചിമേഷ്യൻ സംഘര്‍ഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗള്‍ഫ് രാജ്യങ്ങള്‍

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച്‌ ആശങ്ക ഉയർത്തി 12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു.

ഇറാൻ ആക്രമണപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകള്‍ മേഖലയുടെ സ്ഥിരതയെ ഗുരുതരമായി ബാധിക്കും. അതേസമയം ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികളും അവസാനിപ്പിക്കണമെന്നും ആവശ്യമുയർത്തി. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

ബാബ് അല്‍ മന്ദബ് കടലിടുക്ക് അടയ്ക്കാൻ ശ്രമിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ ഏതൊരു തരത്തിലുള്ള സംഘർഷവും അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നതിനാല്‍ സമാധാനപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ ആവർത്തിക്കുന്നത്.