ഗംഗാവലിപ്പുഴയുടെ തീരങ്ങളിൽ നിന്ന് ‘കേരളത്തിൻ്റെ വിളി നാദം അർജുൻ നീ എവിടെ ‘ ?

സാബു തൊട്ടിപ്പറമ്പിൽ സ്പെഷ്യൽ കറസ്പോണ്ടൻ്റ്

അർജുൻ നീ എവിടെയാണ്?ശൂന്യതയിൽ ഉത്തരമില്ലാത്ത ചോദ്യമായി അത് ഇപ്പോഴും അവശേഷിക്കുന്നു.

സംഹാര രൂപണിയായ ഗംഗാവാലിപ്പുഴ തന്റെ മാറോടവനെ ചേർത്തുപിടിച്ചിരിക്കുന്നു…ആർക്കും വിട്ടു നൽകാതെ.
അതോ ചെങ്കൽ കളറുള്ള മണ്ണിലെവിടെയെങ്കിലുമാണോ അവനുള്ളത് ? ആർക്കും ഒന്നും പറയാൻ കഴിയുന്നില്ല.

പ്രകൃതിയുടെ വിളയാട്ടത്തിൽ മനുഷ്യൻ ഒന്നുമല്ലാതെ തീരുന്ന അവസ്ഥ.ആധുനിക യുഗത്തിലെ സർവ്വ സന്നാഹങ്ങളും, കാണാതായ ഒരു മനുഷ്യന്റെയും അവൻെറ വലിപ്പമേറിയ ട്രക്കോ കണ്ടെത്താനാവാതെ പകച്ചു നിൽക്കുന്നു.

കമ്പ്യൂട്ടർ യുഗത്തിലെ കണ്ടുപിടുത്തങ്ങളുടെ മരണമണി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കർവാറിൽ സംഭവിച്ചു.ഒന്നിലും മേനി നടിക്കാൻ പറ്റില്ലെന്നുള്ള തിരിച്ചറിവിന്റെ കാലം.അന്വേഷണത്തിന്റെ എല്ലാ മേഖലയിൽ നിന്നും നേവി ഉൾപ്പെടെയുള്ള സംഘം പിന്മാറി.പ്രകൃതിയുടെ രൂക്ഷഭാവത്തിനു മുന്നിൽ നിന്നുള്ള പിന്മാറ്റം.അപ്പോഴും നിഗൂഢത ഒളിപ്പിച്ച ഗംഗാവലിപ്പുഴയുടെ തീരത്തിന് മുകളിൽ വല്ലാത്ത ഒരു മൂകത തളം കെട്ടിക്കിടക്കുന്നു.ആരുടെയൊക്കെയോ കണ്ണുനീരും പ്രതീക്ഷകൾക്കും മേൽ മങ്ങൽ ഏൽപ്പിച്ച ദുരന്ത ഭൂമി.

‘ഗംഗാവാലി’…ഈ പുഴ ഒരിക്കലും ശാന്തമായിരുന്നില്ല. പ്രത്യേകിച്ച് ഒരു അപകടം നടന്ന ശേഷം. എന്തെല്ലാമൊ ഒളിക്കാനുള്ള ഒരു വ്യഗ്രത അവളിൽ ഉണ്ടായിരുന്നു.മണ്ണിടിഞ്ഞ് തന്റെ മാറിലേക്ക് വീണ 10 പേരിൽ 7 പേരെയും കണ്ടെത്താൻ കഴിഞ്ഞു.എന്നാൽ ശേഷിക്കുന്ന മൂന്നുപേർ,അവർ ഇപ്പോഴും എവിടെ എന്നതിന് യാതൊരു തെളിവുകളും ശേഷിക്കുന്നില്ല. തൻ്റെ മാറിൽ എവിടെയോ ഒളിപ്പിക്കുകയാണ് ആ മൂവരെയും ഗംഗാവാലിപ്പുഴ.അർജുൻ എന്ന മലയാളിയെയും രണ്ട് കർണാടകക്കാരേയും അപകടം കഴിഞ്ഞ് പതിനാലാം നാൾ പിന്നിട്ടപ്പോഴും അവരെവിടെയെന്നതിന് ഉത്തരമില്ല.അതിസാഹസ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തന്റെ എല്ലാ കഴിവുകളും പ്രയോഗിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഏറ്റവും അപകടകരമായ സ്ഥിതിയിലും ഭരണകൂടങ്ങൾ ‘ഓക്കെ’ പറയാതിരുന്നിട്ടും കന്നടയുടെ ഈ മകൻ, ഈശ്വർ മാൽപെ തൻ്റെ ദൗത്യ പൂർണ്ണതയ്ക്ക് വേണ്ടി ആവത് ശ്രമിച്ചു എന്നുള്ളത് ദുരന്ത ഭൂമിയിൽ വെറിട്ടു നിന്നു.ഒരുപക്ഷേ ,കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും കാൽവാർ എസ് പി നാരായണയുടെയും മൗനാനുവാദം മാത്രമായിരുന്നു ഈശ്വർ മാൽപെയ്ക്കും സംഘത്തിനും തുണ.

കേന്ദ്രസേന ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും അപകടമേഖലയിൽ പരീക്ഷിക്കപ്പെട്ടു.ദുരന്തം വിതച്ച കാലാവസ്ഥ അതേപടി തുടരുന്നതിനാൽ മുന്നോട്ടുള്ള പാത അടഞ്ഞു.അപകടം നടന്ന 14 ദിവസം പിന്നിട്ടപ്പോഴേയ്ക്കും എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചതായിട്ടാണ് വിവരം.

ഈ മാസം പതിനാറാം തീയതി ഉത്തര കന്നഡയിലെ കർവാർ ജില്ലയിൽ അങ്കോലി താലൂക്കിലെ ഷിരൂരിലാണ് മണ്ണിടിഞ്ഞ് ദുരന്തം സംഭവിച്ചത്. ഇത് പൻവേൽ – കന്യാകുമാരി ദേശീയ പാതയാണ്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയാണ് ഈ പാത.മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്,കേരളം മുതലയ സ്റ്റേറ്റുകളിലൂടെയാണ് ഹൈവേ 66 (നേരത്തെ ഇത് NH 17 ആയിരുന്നു) കടന്ന് പോകുന്നത്.

കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു മലയാളിയെ കാണാതായ വിവരം അറിഞ്ഞ ഉടൻ നമ്മളും ആ വാർത്ത ചെയ്തിരുന്നു. പിന്നിടങ്ങോട്ട് മറ്റ് മാധ്യമങ്ങളേപ്പോലെ തന്നെ പുതിയ അപ്ഡേറ്റുകൾക്ക് നാം കാത്തിരുന്നു. ദുരന്ത ഭൂമിയിൽ നിന്ന് ‘എന്തെങ്കിലും കിട്ടി ‘ യോ എന്നറിയാനുള്ള കാത്തിരിപ്പ്.
കാരണം പതിനാല് ദിവസങ്ങൾക്കപ്പുറം അർജുൻ നമ്മുക്കാർക്കും ആരുമായിരുന്നില്ല. എന്നാൽ തിരിഞ്ഞ് നോക്കാനാളില്ലാത്ത ഒരുവനെപ്പോലെ, ഷിരൂരിലെ ആദ്യ നാളുകളിലെ കർണാടകയുടെ പ്രവർത്തി കേരളത്തിൻ്റെ നെഞ്ചിലെ നെരിപ്പോടയി നീറിപ്പിടിച്ചു. പിന്നിടങ്ങോട്ട് അവൻ നമ്മുടെയെല്ലാം ആരെല്ലാമോ ആയിത്തീരുകയായിരുന്നു.

അപകടം നടന്ന് മൂന്നാം നാൾവരെ വളരെ മന്ദഗതിയിൽ ആയിരുന്നു കർണാടകയുടെ രക്ഷാപ്രവർത്തനങ്ങൾ.ഇത്രയും വലിയൊരു ദുരന്തം നടന്നിടത്ത് ഒരു ജെസിബി ഉപയോഗിച്ചായിരുന്നു അവരുടെ തിരച്ചിൽ.കേരളത്തിൽ നിന്നുള്ള മാധ്യമങ്ങളുടെ ഇടപെടലോടുകൂടിയാണ് സംഭവത്തിന് ഗൗരവം കൈവന്നത്.തുടർന്നിങ്ങോട്ട് കേരള സർക്കാരും രാഷ്ട്രീയനേതൃത്വങ്ങളും കർണാടകയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.ഇത്ര വലിയ വിഐപി ആണോ മണ്ണിനടിയിൽ അകപ്പെട്ടതെന്ന് കർവാർ എസ് പി പോലും ചോദിക്കുകയുണ്ടായി.അത്രമാത്ര ശക്തമായിരുന്നു മാധ്യമങ്ങളുടെയും കേരള സർക്കാരിന്റെയും രാഷ്ട്രിയ കക്ഷികളുടേയും ഇടപെടിൽ.

മണ്ണിൽ അകപ്പെട്ടുപോയ മലയാളികളുടെ പവർ അത്രത്തോളം ഉണ്ടായിരുന്നു.പക്ഷേ കർണാടക അത് മനസ്സിലാകാൻ മൂന്നു ദിവസങ്ങൾ പിന്നീടേണ്ടി വന്നു.
ഒരു ദുരന്തമുഖത്ത് ഇത്രമാത്രം നിസംഗത കാണിക്കാൻ കേരളത്തിന് ഒരിക്കലും കഴിയുകയില്ല.എത്രയോ ദുരന്തങ്ങൾ അഭിമുഖീകരിച്ച നാടാണ് കേരളം.അതുകൊണ്ടുതന്നെ കർണാടകയുടെ ആദ്യ നീക്കങ്ങൾ കേരളത്തിൻറെ മനസ്സ് പൊള്ളിച്ചു.
“മണ്ണിനടിയിലുള്ള ഒരു ലോറി ഡ്രൈവർ അല്ലേ?” എന്ന വളരെ ലാഘവത്തോടുകൂടിയു ഉള്ള കാർവാർ എസ് പി യുടെ ചോദ്യം തന്നെ പ്രശ്നത്തോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു.

പക്ഷേ ,ഒന്നുണ്ട്.കോഴിക്കോട് കണ്ണാടിക്കൽ അർജുന്റെ കുടുംബത്തിന് ഇനിയും ഒരാശ്വാസം കൈ വന്നിട്ടില്ല.അവർക്ക് നീതി കിട്ടിയില്ല.വീട്ടിൽ നിന്നും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പോയ അർജുൻ ഇന്ന് ജീവനോടെയുണ്ടോ അതോ മരിച്ചോ? ഇതിലേതെങ്കിലും ഒന്ന് തറപ്പിച്ചു പറയാൻ ആവാത്ത വല്ലാത്ത ഒരു വീർപ്പുമുട്ടലിലാണ് കേരളം ഇന്ന്.

നന്നേ ചെറുപ്പത്തിൽ തന്നെ ജീവിതഭാരം ലോറി ഡ്രൈവറുടെ വേഷമായി അണിയുമ്പോഴും അത് അവൻ വളരെ ആസ്വദിച്ചു .ദീർഘദൂര യാത്രകൾ ഒറ്റയ്ക്ക് പോകാൻ പോലും അവൻ തയ്യാറായി. അപ്പോഴും പറക്ക മുറ്റാത്തത് കുഞ്ഞും ഭാര്യയും, മാതാപിതാക്കളും ഒക്കെ തന്നെയായിരുന്നു അവൻെറ ഉള്ളം നിറയെ.
കുടുംബത്തിൻെറ അത്താണി നഷ്ടപ്പെട്ട പതിനാലാം നാൾ എല്ലാം അവസാനിപ്പിക്കുന്നു എന്നുഉള്ളത് ആ കുടുംബത്തിന്റെ മാത്രമല്ല കേരളത്തിൻ്റെയാകെ ആവലാതിയായി മാറുന്നു.ഇപ്പോഴും കർണാടകയ്ക്ക് മേൽ കേരളത്തിൻെറ സമ്മർദ്ദം ഉണ്ടെന്നുള്ളതാണ് ഏക പ്രതീക്ഷ.

പക്ഷേ , അപ്പോഴും ഒരു അനുനയത്തിന് തയ്യാറാവാത്ത ഗംഗാവലിപ്പുഴയുടെ ക്രൂരതയ്ക്ക് മുന്നിൽ നാം പകച്ചു നിൽക്കുകയാണ്. അത് ,എത്രനാൾ!
———–