വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി സംസാരിച്ച് മോദിയും രാഹുലും; മരണ സംഖ്യ 43 ആയി ഉയരുന്നു

തിരുവനന്തപുരം :
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.

ദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ‘ആളുകള്‍ക്ക് കൃത്യമായി അവിടെ എത്തിപ്പെടാനുള്ള പ്രയാസമുണ്ട്.
എല്ലാ സന്നാഹങ്ങളും അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ അടക്കം സഹായമുണ്ടാകും. ഫലപ്രദമായി കാര്യങ്ങള്‍ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്’ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതെ സമയം വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

IG നോർത്ത് സോൺ വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിം​ഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. 4 എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. 400ലധികം പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കനുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.

വെള്ളാർമല സ്കൂൾ തകർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു. മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയിട്ടുണ്ട്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

കൺട്രോൾ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
======