പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
ബാങ്ക് കൊള്ളയടിക്കുന്നവർ ജയിലിൽ കിടക്കും. പോക്കറ്റ് കൊള്ളയടിക്കുന്നവർ ബംഗ്ലാവിൽ വസിക്കുന്നു. ഒപ്പംനാട് ചുറ്റിക്കറങ്ങുന്നു. ഇതെന്തൊരു വിരോധാഭസം? അപ്പോസ്തോലന്മാരുടെ കാൽക്കൽ ആദിമ വിശ്വാസികൾ കയ്യിലുള്ള പണം കൊണ്ട് വെച്ചു എങ്കിൽ ഇന്നുള്ള മിടുമിടുക്കന്മാർ അക്കൗണ്ട് നമ്പരുകൾ കൈമാറുകയാണ്.
അപ്പോസ്തോലന്മാരുംദൈവത്തിൻ്റെ പ്രവാചകന്മാരും കോടീശ്വര പട്ടികയിൽ സ്ഥാനം പിടിക്കുവാനും, സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്തുവാനും വചനം കൈകളിൽ എടുത്തില്ല. അവരുടെ ചിന്തകൾ ഉയരത്തിലുള്ളതിനെക്കുറിച്ചായിരുന്നു. ഭൂമിയിൽ ഉള്ളത് ചപ്പും ചവറുമെന്ന് അവർ ഏറ്റു പറഞ്ഞു. അന്നുള്ള വിശുദ്ധന്മാർ വചനത്തിൽ സമ്പന്നരായിരുന്നു.
മൈക്ക് കയ്യിലെടുക്കുന്നവരെല്ലാം പെന്തക്കോസ്തുകാരന്ന് കരുതുന്ന ഒരു കാലഘട്ടത്തിൽ നാം എത്തിയിരിക്കുന്നു. ഇത് അങ്ങനെ അല്ല എന്ന് സഭാ നേതൃത്വം പറയണം. ഇവർ വെള്ളമില്ലാത്ത മേഘങ്ങളും വക്ര നക്ഷത്രങ്ങളും ആണ്. ഇവരുടെ ദൈവം വയറാണത്രേ. ആത്മാക്കളെക്കുറിച്ചുള്ള ഭാരമല്ല ഇവരെ മുമ്പോട്ട് തള്ളുന്നത് ദേമാസ് ഹൃദയമത്രേ.
സഭയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകൾക്കും ‘ പ്രവർത്തികൾക്കും പെന്തക്കോസ്തുമായിട്ടൊരു ബന്ധവുമില്ല എന്നുള്ളത് ദൈവജനം തിരിച്ചറിയണം. ഇവർ കളകളും ദൈവസഭയ്ക്ക് അപമാനവും അത്ര.
സാത്താൻ താനും വെളിച്ച ദൂതൻ്റെ വേഷം ധരിക്കുന്നതുപോലെ ഇവർ ചായത്തിൽ വീണ കുറുക്കന്മാരത്രേ. ആത്മിക ലോകത്തിലെ അഭിനയ വീരന്മാരായ ഇവർക്ക് ഓസ്കർ അവാർഡ് കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. അകമേയോ ഇവർ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ഇവരുടെ പല്ലുകൾക്ക് നാം ഇരയായി പോകരുത്. ഇവർ അപകടം പതിയിരിക്കുന്ന സുനാമികളും, കൊടിയ കടൽ തിരകളും അത്രേ. ഇവർ നിമത്തം എത്രയോ ജീവിതങ്ങൾ വഞ്ചിക്കപ്പെട്ടും, നേർവഴി കാണാതെയും നട്ടംതിരിയുന്നു.
ദൈവം അരുളി ചെയ്യാത്തത് ദൈവം പറഞ്ഞുവെന്ന് പറയുകയും പ്രസ്താവിക്കുകയും ചെയ്യ്ത സാധുക്കളുടെ ഹൃദയത്തെയും, അവർക്കുള്ളതിനെയും വഞ്ചിച്ചെടുക്കുന്ന ഈ വിഷപ്പാമ്പുകൾ സ്വർഗ്ഗത്തിൻ്റെ കോടതിയിൽ പിടിക്കപ്പെടും. മനുഷ്യരുടെ ബലഹീനതയെ ചൂഴ്ന്നെടുത്തു കൊണ്ട് ഇല്ലാത്തത് പെരുപ്പിച്ച് പറഞ്ഞും ഭയപ്പെടുത്തിയും മോഹന വാഗ്ദാനങ്ങൾ കൊടുത്ത് പാവപ്പെട്ടവരുടെ കാശടിച്ചു മാറ്റുന്ന ഈ ആട്ടുംതോലണിഞ്ഞ ചെന്നായ്ക്കളെ പുറമ്പോക്കിൽ കളയണം.
ആഡംബരത്തിൻ്റെ അങ്കി ധരിച്ച് അഹീഥോഫെൽ ആലോചനയുമായി നാടുചുറ്റുന്ന ഇവർക്ക് ആത്മാർത്ഥതയോ ദൈവസ്നേഹമോ തൊട്ടു തീണ്ടിയിട്ടില്ല. സത്യവചനവുമായി പുലബന്ധം ഇല്ലാത്ത ഇവർ സത്യ സഭയ്ക്ക് അപമാനമാണ്.
പ്രവാചകനായ അമോസ് കാണുന്നത് ഒരു കൊട്ട പഴുത്ത പഴം. ഇന്നുള്ള പ്രവചന വില്ലന്മാർ കാണുന്നത് ഒരു കെട്ട് പണവും പാസ്പോർട്ടും. കുഴലെടുത്തൂതിയും ഉടുപ്പ് വലിച്ചുകീറി എറിഞ്ഞും ബെൽറ്റ് ഇട്ട് പിടിച്ച് കിടത്തിയും തള്ളിയിട്ടും ആത്മികതയുടെ പേരിൽ നടമാടുന്ന ഈ കറക്ക് കമ്പനികൾ സുവിശേഷ ലോകത്തിലെ ബിനാമികൾ അത്ര.
ഇവർക്ക് സത്യവചനവുമായി യാതൊരു പുലബന്ധവുമില്ല.
തിരുവചനം മുന്നറിയിപ്പ് നൽകുന്നു നാം വഞ്ചിക്കപ്പെടരുത്. കള്ള ക്രിസ്തുക്കളും
കള്ള പ്രവാചകൻമാരും ചെപ്പടി വിദ്യകളുമായി അരങ്ങേറുമ്പോൾ ഓർത്തു കൊള്ളണം ഇത് മുതുകാടിൻ്റെ വേലയത്രേ. മുതൽ മുടക്കിയവൻ്റെ വേലയല്ല, ക്രിസ്തുവി വചനം കാതുകളിൽ മുഴങ്ങട്ടെ! ആരും നിങ്ങളെ തെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക.



