ഖമേനിയുടെ വധം: പാക്കിസ്ഥാനില്‍ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 9 മരണമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനില്‍ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു.

കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ അടക്കാനായി അധികൃതർ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ 9 പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസില്‍ വച്ചാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തില്‍ ഖമേനിയുടെ മകള്‍, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകള്‍ ഇറാൻ സ്റ്റേറ്റ് മീഡിയ ശരിവെച്ചു. പ്രിയ നേതാവിന്റെ വേർപാടില്‍ ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.